വെസ്റ്റ് ബംഗാളിലെ ബീര്‍ഭൂം ജീല്ലയിലെ ഭീംപൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ദാറുല്‍ഹുദാ ഗേള്‍സ് ക്യാമ്പസ് ദാറുല്‍ഹുദാ ചാന്‍സലര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പസിനകത്തെ അല്‍ഹുദാ ലൈബ്രറി അഡ്വ. ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കൊൽക്കത്ത ആലിയ സര്‍വകലാശാല വി.സി ഡോ. റഫീഖുല്‍ ഇസ്ലാം, പശ്ചിമ ബംഗാള്‍ മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ജനാബ് അഹ്‌മദ് ഹസന്‍, മുറാറായ് എം.എല്‍.എ ഡോ. മുശറഫ് ഹുസൈന്‍, പശ്ചിമ ബംഗാള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെമ്പര്‍ സാബിര്‍ സിദ്ധാര്‍ഥ ഗഫ്ഫാര്‍, ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
2012 മുതല്‍ പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയില്‍ ദാറുല്‍ഹുദാ ഓഫ് ക്യാമ്പസ് പ്രവര്‍ത്തിക്കുന്നുണ്ട്. 2019 മുതല്‍ പെണ്‍കുട്ടികള്‍ക്കായി ക്യാമ്പസിനടുത്ത് തന്നെ ഒരു ഡേ സ്‌കൂള്‍ ആരംഭിച്ചിരുന്നു. നിലവില്‍ 160 ലേറെ വിദ്യാര്‍ഥിനികള്‍ അവിടെ പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
2022 ഫെബ്രുവരി 18 നാണ് റസിഡന്‍ഷ്യല്‍ സ്ഥാപനത്തിനുള്ള ശിലാസ്ഥാപന കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചത്. എട്ടു വര്‍ഷത്തെ മത ഭൗതിക സമന്വയ പദ്ധതിയായ സഹ്‌റാവിയ്യ കോഴ്‌സാണ് ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ഗേള്‍സ് ക്യാമ്പസിൽ ആരംഭിക്കുന്നത്. അടുത്ത വര്‍ഷം എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് അഡ്മിഷന്‍ നല്‍കിക്കൊണ്ടുള്ള 5 വര്‍ഷത്തെ മഹ്ദിയ്യ കോഴ്സും ആരംഭിക്കും.
ദാറുൽഹുദാ ബംഗാൾ ഓഫ് ക്യാമ്പസ് കേന്ദ്രീകരിച്ച് നടക്കുന്ന സ്കൂൾ, പ്രിസ്കൂൾ, ഗേൾസ് ക്യാമ്പസ്, ഹുദവി കോഴ്സുകളിലായി ആയിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ ഫുൾ സ്കോളർഷിപ്പോടെ പഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks