തൃശൂർ: 158 ഗ്രാമിലധികം എംഡിഎംഎ കേരളത്തിലെത്തിലേക്ക് കടത്താൻ സഹായിച്ച യുവതിയെ ബംഗളൂരുവിൽ നിന്നും പിടികൂടി വടക്കാഞ്ചേരി പോലിസ്. പാലക്കാട് പട്ടാണി സ്ട്രീറ്റ് പുളിക്കൽ വീട്ടിൽ റിൻഷ(25) ആണ് അറസ്റ്റിലായത്. വടക്കാഞ്ചേരിയിൽ നിന്നും വിൽപനയ്ക്കായി എത്തിച്ച 154.27 ഗ്രാം എംഡിഎംഎ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുന്നംകുളം തെക്കേപുറം സ്വദേശിയായ കോത്താട്ടിൽ വീട്ടിൽ അരുൺദാസ്(33) ആണ് യുവതിയുടെ കൈവശം എംഡിഎംഎ കൊടുത്തുവിട്ടത്.
ഓഗസ്റ്റ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം കുന്നംകുളത്തേക്ക് വലിയതോതിൽ എംഡിഎംഎ ബാംഗ്ളൂരിൽ നിന്നും വിൽപനക്കായി കൊണ്ടുവരുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ടി സി അനുരാജും സംഘവും നടത്തിയ പരിശോധനയിൽ വടക്കാഞ്ചേരിയിൽ നിന്നും കേസിലെ ഒന്നാം പ്രതിയായ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശിയായ കോരങ്ങത്ത് വീട്ടിൽ ശരത്ത്മോൻ (37)
എന്നയാളെ 154.27 ഗ്രാം എം ഡി എം എ യുമായി പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബംഗളൂരുവിൽ നിന്നും പ്രതിയുടെ കൈവശം എംഡിഎംഎ വിൽപനയ്ക്കായി കൊടുത്തയച്ചത് അരൂദാസ് ആണെന്ന വിവരം വ്യക്തമായത്. കൂടുതൽ അന്വേഷണത്തിൽ ഇവരുടെ സഹായി റിൻഷയും മയക്കുമരുന്ന് കടത്തിൽ സഹായിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചു. തുടർന്ന് വടക്കാഞ്ചേരി പോലിസ് അന്വേഷണ സംഘം ബംഗളൂരിലെത്തുകയും തുടർന്നു നടന്ന അതിവിദഗ്ധമായ അന്വേഷണത്തിൽ റിൻഷയെ പിടികൂടുകയായിരുന്നു. നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തൃശൂർ സിറ്റി പോലിസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐപിഎസിന്റെ നിർദേശാനുസരണം കുന്നംകുളം എസിപി സജു എബ്രഹാമിന്റെ നേതൃത്വത്തിലുമുണ്ടായിരുന്ന അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പോലിസ് ഇൻസ്പെക്ടർ അനൂപ്, സബ് ഇൻസ്പെക്ടർ നിബിൻ, സീനിയർ സിവിൽ പോലിസ് ഓഫീസർ സനൽ, സിവിൽ പോലിസ് ഓഫീസർ അർജ്ജുൻ, വനിതസിവിൽ പോലിസ് ഓഫിസർ ഷബ്ന എന്നിവരാണ് ഉണ്ടായിരുന്നത്.

Post a Comment
Thanks