സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം,മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മരുന്നെത്തിക്കാൻ സർക്കാർ നിർദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന റിപ്പോർട്ടുകൾക്കിടെ ഇടപെടലുമായി ആരോഗ്യവകുപ്പ്. ആശുപത്രികളിൽ നിലവിൽ ആവശ്യമായ മരുന്നുകളുടെ സ്റ്റോക്ക് ഉണ്ടെങ്കിലും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെഎംഎസ്‌സിഎൽ) സംഭരണകേന്ദ്രങ്ങളിൽ ചില മരുന്നുകളുടെ സ്റ്റോക്ക് കുറവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ അറിയിച്ചു. മരുന്ന് വിതരണം വേഗത്തിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.


പർച്ചേസ് ഓർഡറുകൾ അടിയന്തരമായി പൂർത്തിയാക്കാനും ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപറേഷനുകളിൽ നിന്ന് മരുന്ന് എത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും കെഎംഎസ്‌സിഎല്ലിനോട് നിർദേശിച്ചു. ഇതിനായി മെഡിക്കൽ സർവീസസ് കോർപറേഷൻ അടിയന്തരമായി ബോർഡ് യോഗം ചേരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 


സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ആശുപത്രികളിലെ മരുന്ന് ലഭ്യതയും മന്ത്രി വിലയിരുത്തിയത്. താഴെത്തട്ടിലുള്ള ആശുപത്രികളിലെ സാഹചര്യം കൃത്യമായി പരിശോധിച്ച് ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.


പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും വീടുവീടാന്തരം ഫീൽഡ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ വീടുകൾ നേരിട്ട് സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചിത്വ പ്രവർത്തനങ്ങളും വീടുകളിലെത്തി ഉറപ്പാക്കണം. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.


ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾക്കൊപ്പം പഞ്ഞി ഉൾപ്പെടെയുള്ള സർജിക്കൽ സാമഗ്രികളുടെ ലഭ്യതയും തടസ്സമില്ലാതെ ഉറപ്പാക്കണം. മരുന്ന് ലഭ്യത സംബന്ധിച്ച് ജില്ലകളിലെ ആശുപത്രികളിൽ നിലവിൽ വലിയ കുറവില്ലെന്നും കെഎംഎസ്‌സിഎൽ സംഭരണകേന്ദ്രങ്ങളിലാണ് പ്രധാനമായും സ്റ്റോക്ക് കുറവെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ യോഗത്തിൽ കണക്കുകൾ സഹിതം വിശദീകരിച്ചു.


അടിയന്തര സാഹചര്യം പരിഹരിക്കുന്നതിനായി തമിഴ്‌നാട്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപറേഷനുകളുമായി സഹകരിച്ച് മരുന്ന് ലഭ്യമാക്കാനുള്ള സാധ്യതകളും പരിശോധിക്കും.


ഇതിനുപുറമെ, ഓരോ ജില്ലയിലെയും മോർച്ചറി, സീലിംഗ്, ലിഫ്റ്റ്, വെന്റിലേറ്റർ തുടങ്ങിയ സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി മെഡിക്കൽ ഓഫീസർമാർ വിലയിരുത്തി റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു.

Post a Comment

Thanks

أحدث أقدم