ഹജ്ജ്: കേരളത്തിന് 120 സീറ്റുകൾ കൂടി; വെയിറ്റിങ് ലിസ്റ്റിലുള്ളവർക്ക് അവസരം


കോഴിക്കോട് I സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജ് തീർഥാടനത്തിന് 120 പേർക്കുകൂടി പുതുതായി അവസരം ലഭിച്ചു. വെയിറ്റിങ് ലിസ്റ്റിൽ 874 മുതൽ 993 വരെയുള്ള അപേക്ഷകർക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ തീരുമാനത്തോടെ ഹജ്ജ് യാത്രയ്ക്ക് വഴിതുറന്നത്.


 പുതുതായി അവസരം ലഭിച്ചവർ ആദ്യ ഗഡുവായ 1,52,300 രൂപ ഈ മാസം 14-നകം നിർബന്ധമായും അടയ്ക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.


പുതിയ 120 പേരെക്കൂടി ഉൾപ്പെടുത്തിയതോടെ കേരളത്തിൽ നിന്ന് ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ചവരുടെ ആകെ എണ്ണം 12,132 ആയി ഉയർന്നു. ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് 8,175 പേർക്ക് നേരിട്ടും 2,964 പേർക്ക് നറുക്കെടുപ്പിലൂടെയുമായി ആകെ 11,139 പേർക്കാണ് അവസരം ലഭിച്ചിരുന്നത്. പിന്നീട് വന്ന ആദ്യ വെയിറ്റിങ് ലിസ്റ്റിൽനിന്ന് 873 പേരെക്കൂടി ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ പേർക്ക് അവസരം ലഭിച്ചിരിക്കുന്നത്.


രണ്ടാം വെയിറ്റിങ് ലിസ്റ്റിൽ ഇന്ത്യയിലാകെ 10 സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതിയ സീറ്റുകൾ അനുവദിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചത് മഹാരാഷ്ട്രയ്ക്കാണ് (357 സീറ്റുകൾ).


 കർണാടകയ്ക്ക് 259 സീറ്റുകൾ ലഭിച്ചപ്പോൾ ഡൽഹി (48), ഗുജറാത്ത് (70), മധ്യപ്രദേശ് (75), തെലങ്കാന (138), തമിഴ്‌നാട് (55), ഛത്തീസ്ഗഡ് (8), മണിപ്പൂർ (3) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ച അധിക സീറ്റുകളുടെ എണ്ണം.

Post a Comment

Thanks

أحدث أقدم