കറിയുണ്ടാക്കത്തതിനെ ചൊല്ലി തര്‍ക്കം; വണ്ടൂരില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു


വണ്ടൂരില്‍ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വണ്ടൂര്‍ കാപ്പില്‍ പാറശ്ശേരി സ്വദേശിനിയായ കുന്നുമ്മല്‍ ഫസീല (38) ആണ് കൊല്ലപ്പെട്ടത്.


 സംഭവവുമായി ബന്ധപ്പെട്ട് ഫസീലയുടെ ഭര്‍ത്താവ് കുന്നുമ്മല്‍ റഷീദിനെ (48) വണ്ടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.


ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ജോലിക്ക് പോയിരുന്ന റഷീദ് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ സമയം ഭാര്യ കറി ഉണ്ടാക്കിയിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കമുണ്ടായി.


  തര്‍ക്കം രൂക്ഷമായതോടെ മദ്യലഹരിയിലായിരുന്ന റഷീദ് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഫസീലയെ കുത്തുകയായിരുന്നു. നെഞ്ചിന് താഴെ സാരമായി കുത്തേറ്റ ഫസീലയെ ഉടന്‍ തന്നെ നാട്ടുകാര്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.


റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ഭാര്യയുമായി വഴക്കിടുകയും നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. കൊലപാതകം നടക്കുമ്പോഴും ഇയാള്‍ കടുത്ത മദ്യലഹരിയിലായിരുന്നു. ഫസീലയുടെ മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.


 കസ്റ്റഡിയിലുള്ള റഷീദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പ്രതിക്കെതിരെ കേസെടുത്ത് തുടര്‍ന്നുള്ള നിയമനടപടികളിലേക്ക് കടന്നതായും പോലീസ് അറിയിച്ചു.

Post a Comment

Thanks

أحدث أقدم