തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾക്ക് വേഗം. നിയോജക മണ്ഡലം എം.എൽ.എ പി.എം.എ. സമീറിന്റെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
ചെമ്മാട് ടൗണിലെയും തിരൂരങ്ങാടി മുതൽ ചെമ്മാട് അമ്പലപ്പടി വരെയുള്ള പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് ശാസ്ത്രീയമായി പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് റോഡ്സ്, പാലങ്ങൾ, ഡിസൈൻ, കെട്ടിടം, ആസൂത്രണം, ആർക്കിടെക്റ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം 10 ദിവസത്തിനകം സ്ഥലപരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.
സാധ്യതാ പഠനവും ഡി.പി.ആറും സമാന്തരമായി
ചെമ്മാട് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതാ പഠനത്തിന് നേരത്തെ തന്നെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. സാധ്യതാ പഠനം നിലവിൽ പുരോഗമിച്ചുവരികയാണ്.
പദ്ധതിയുടെ നടപടിക്രമങ്ങളിൽ കാലതാമസം ഒഴിവാക്കുന്നതിനായി സാധ്യതാ പഠനവും വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കലും സമാന്തരമായി നടത്താനാണ് തീരുമാനം.
തിരൂരങ്ങാടി മുതൽ ചെമ്മാട് അമ്പലപ്പടി വരെയുള്ള റോഡിലെ ഗതാഗത സാഹചര്യം, നിലവിലുള്ള റോഡിന്റെ വീതി, ജംഗ്ഷനുകൾ, ഗതാഗത സാന്ദ്രത, നിലവിലുള്ള കെട്ടിടങ്ങൾ തുടങ്ങിയവ ശാസ്ത്രീയമായി പരിശോധിച്ചായിരിക്കും അനുയോജ്യമായ പരിഹാരമാർഗം നിർദ്ദേശിക്കുക.
സാധ്യതാ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.പി.ആറിൽ ആവശ്യമായ മാറ്റങ്ങളും മിനുക്കുപണികളും ഉൾപ്പെടുത്തി അന്തിമ പദ്ധതി തയ്യാറാക്കും.
പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കൽ, പൊളിച്ചുമാറ്റേണ്ടി വരുന്ന കെട്ടിടങ്ങൾ, നഷ്ടപരിഹാരം നൽകേണ്ടി വരുന്ന സാഹചര്യം തുടങ്ങിയവയും വിശദമായി പരിശോധിച്ച് ഡി.പി.ആറിൽ ഉൾപ്പെടുത്തും.
റോഡിലും പൊതുസ്ഥലങ്ങളിലും നിലവിലുള്ള കയ്യേറ്റങ്ങൾ കണ്ടെത്തിയാൽ അവ അടിയന്തരമായി ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം കോവിലകം കൽപ്പുഴ പാലവും അപ്രോച്ച് റോഡ് നിർമ്മാണവും പ്രവർത്തിയുടെ സാധ്യത പഠനം ദ്രുതഗതിയിൽ പൂർത്തീകരിച്ച് എസ്റ്റിമേറ്റ് സഹിതം ഉള്ള ഡിപിആർ സർക്കാർ സമർപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
മണ്ഡലത്തിലെ തകർന്ന റോഡുകളുടെ നവീകരണത്തിനും നടപടി
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള തകർന്ന റോഡുകളുടെ നവീകരണത്തിനും യോഗം പ്രാധാന്യം നൽകി.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ റോഡുകളിൽ അടിയന്തരമായി സ്ഥലപരിശോധന നടത്തി ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
അഞ്ച് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ സമഗ്ര നവീകരണത്തിനായി 50 കോടി രൂപ അനുവദിക്കണമെന്ന ആവശ്യവും പി.എം.എ. സമീർ എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു.
എസ്റ്റിമേറ്റും ഡി.പി.ആറും സഹിതമുള്ള പ്രൊപ്പോസലുകൾ സർക്കാരിൽ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കാളം തിരുത്തി പാലത്തിന് 13.27 കോടി രൂപയുടെ ഡി.പി.ആർ സമർപ്പിച്ചു*
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പാലത്തിങ്ങലിൽ നിർമ്മാണം പുരോഗമിക്കുന്ന മലപ്പുറം ജില്ലയിലെ തന്നെ പ്രധാന ടൂറിസം പദ്ധതിയായ ചീർപ്പിങ്ങൽ സയൻസ് പാർക്ക് ആൻഡ് പ്ലാനിറ്റോറിയത്തിന്റെ കെട്ടിടത്തിന് കെട്ടിട നമ്പർ ലഭ്യമാക്കുന്നതിനാവശ്യമായ ഫയർ ആൻഡ് സേഫ്റ്റി എൻ.ഒ.സി ലഭിക്കുന്നതിന് കാളം തിരുത്തി പാലത്തിന്റെ വീതിവർധനയും പുനർനിർമാണവും അനിവാര്യമാണെന്ന് പി.എം.എ. സമീർ എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യം കൂടി പരിഗണിച്ച് പാലത്തിന്റെ പുനർനിർമാണത്തിന് അടിയന്തര പ്രാധാന്യത്തോടെ ഭരണാനുമതി നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
വീതിവർധന ഉൾപ്പെടെ കാളം തിരുത്തി പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി 13.27 കോടി രൂപയുടെ ഡി.പി.ആർ ഉൾപ്പെടുന്ന പ്രൊപ്പോസൽ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചു.
പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പരപ്പനങ്ങാടി കോടതി സമുച്ചയത്തിന് റെയിൽവേ ഇലക്ട്രിഫിക്കേഷനും വേഗത്തിലാക്കും
പരപ്പനങ്ങാടിയിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തിയ കോടതി സമുച്ചയത്തിന്റെ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾക്കായി 5.63 ലക്ഷം രൂപ അനുവദിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
നിർമ്മാണം പുരോഗമിക്കുന്ന പരപ്പനങ്ങാടി രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പൂർത്തീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
*ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം മൂന്ന് മാസത്തിനകം പൂർത്തീകരിക്കും*
നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പരപ്പനങ്ങാടി–ചെട്ടിപ്പടി റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി മൂന്ന് മാസത്തിനകം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിനും യോഗത്തിൽ തീരുമാനമായി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി പദ്ധതികൾക്കും അടിയന്തര പരിഗണന
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്കിന്റെയും കാഷ്വാലിറ്റി ബ്ലോക്കിന്റെയും നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണ പ്രവർത്തനം അടിയന്തരമായി ആരംഭിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എം.എ. സമീർ എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റോഡ്സ്, കെട്ടിടം, പാലങ്ങൾ, ആസൂത്രണം, ഡിസൈൻ വിഭാഗങ്ങളിലെ ചീഫ് എൻജിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർ തുടങ്ങി സെക്രട്ടേറിയറ്റിലെയും ബന്ധപ്പെട്ട വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
ചെമ്മാട് ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ദീർഘകാലം നിലനിൽക്കുന്ന ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് പി.എം.എ. സമീർ എം.എൽ.എ അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks