തിരൂർ: സിവിൽ സ്റ്റേഷന് പിറകിലെ പഴയ പാർക്കിംഗ് ഷെഡ്ഡിൽ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരൂർ തെക്കുംമുറി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം താമസിക്കുന്ന, റീസർവേ ഓഫീസിലെ പ്യൂണായിരുന്ന നടുവിലക്കണ്ടി രാജേഷിനെയാണ് (49) മരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച സിവിൽ സ്റ്റേഷന് പിന്നിലെ പാർക്കിംഗ് ഷെഡ്ഡിൽ നിന്നും പ്രദേശവാസികൾ പുക ഉയരുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് തിരൂർ സബ് കളക്ടർ, തിരൂർ മുൻസിപ്പൽ ചെയർമാൻ, തിരൂർ ഡിവൈഎസ്പി എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. ഫോറൻസിക് വിദഗ്ദ്ധർ, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, ടി.ഡി.ആർ.എഫ് (TDRF) വളണ്ടിയർമാർ എന്നിവർ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
തിരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടന്ന് കൂടുതൽ പരിശോധനകൾക്കുമായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണത്തിലെ അസ്വാഭാവികതയും സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണവും കണ്ടെത്തുന്നതിനായി തിരൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തിരൂർ താലൂക്ക് ഓഫീസ്, തിരൂർ ആർ.ഡി.ഒ. ഓഫീസ്, തിരൂർ ലാൻഡ് ട്രിബ്യൂണൽ എന്നീ ഓഫീസുകളിലും രാജേഷ് ജോലി ചെയ്തിട്ടുണ്ട്. പിതാവ് രാമൻ സർവീസിലിരിക്കെ മരണപ്പെട്ടതിനെ തുടർന്ന് ആശ്രിത നിയമനത്തിലൂടെയാണ് രാജേഷിന് ജോലി ലഭിച്ചത്. രാജേഷ് തീ കൊളുത്തി മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാവ്: ദേവകി. സഹോദരങ്ങൾ: രതീഷ്, രാജിഷ, ദിനേശ്.

إرسال تعليق
Thanks