പെരിന്തൽമണ്ണ: ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. അങ്ങാടിപ്പുറത്ത് വിൽപനയ്ക്കായി കൊണ്ടു വന്ന 405 ഗ്രാം എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിലായി. വിപണിയിൽ ഏകദേശം 25 ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നാണ് പെരിന്തൽമണ്ണ പോലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കാപ്പ നിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വേങ്ങര കണ്ണാട്ടിപ്പടി നോട്ടപ്പുറം സ്വദേശി മണ്ണിൽ വീട്ടിൽ അനിൽ എന്ന ഫൂലൻ മണി (46) യെയാണ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരിൽ നിന്നും ജില്ലയിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ അനിൽ എന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസും ജില്ലാ ഡാൻസാഫ് സംഘവും ആഴ്ചകളോളം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിന് താഴെ സ്വിഫ്റ്റ് കാറിൽ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പോലീസിനെ കണ്ട ഉടൻ കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനിലിനെ ഉദ്യോഗസ്ഥർ പിന്തുടർന്ന് ബലം പ്രയോഗിച്ചാണ് പിടികൂടിയത്. വാഹനത്തിന്റെ സ്റ്റീരിയോ സംവിധാനത്തിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ കണ്ടെത്തിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഗ്രാമിന് ഏകദേശം 4000 രൂപയോളം വിപണി വില വരുമെന്നാണ് കണക്കാക്കുന്നത്.
ലഹരിക്കടത്ത്, കവർച്ച, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അനിൽ. കൂടാതെ, പിടികൂടുന്ന പോലീസ്- എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം വ്യാജ പരാതികൾ നൽകുന്ന വ്യക്തി കൂടിയാണിയാൾ. കാപ്പ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷവും ഇയാൾ ലഹരി ഇടപാടുകൾ തുടർന്നു വരികയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ്, പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം. ബി. ലത്തീഫ്, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എൻ. ഒ. സിബി എന്നിവരുടെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ സി.ഐ സുമേഷ് സുധാകരൻ, എസ്.ഐ എൻ. റിഷാദലി, ജില്ലാ ഡാൻസാഫ് സ്ക്വാഡ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ കൂടുതൽ ഉറവിടങ്ങളെക്കുറിച്ചും ഇവരുടെ വിതരണ ശൃംഖലയെ സംബന്ധിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
إرسال تعليق
Thanks