ഇന്ത്യൻ യാത്രികര്‍ക്കായി എമിറേറ്റ്‌സിന്റെ വമ്പൻ പ്രഖ്യാപനം; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം


ദുബായ്: ഇന്ത്യൻ യാത്രക്കാർക്കായി എമിറേറ്റ്സ് എയർലൈൻസിന്റെ വമ്പൻ പ്രഖ്യാപനം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുഴുവൻ തുകയും ഒന്നിച്ച്‌ നല്‍കുന്നതിന് പകരം, തുക കൃത്യമായ പ്രതിമാസ തവണകളായി (EMI) അടയ്ക്കാനുള്ള പുതിയ സൗകര്യമാണ് എമിറേറ്റ്സ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.


ഇതോടെ ഇന്ത്യൻ യാത്രക്കാർക്ക് ബഡ്ജറ്റിനെക്കുറിച്ച്‌ ആകുലപ്പെടാതെ എമിറേറ്റ്സിന്റെ ആഗോള ശൃംഖലയിലുള്ള 140-ഓളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യാം.


3 മുതല്‍ 36 മാസം വരെയുള്ള ഇഎംഐ ഓപ്ഷൻ

പുതിയ പേയ്മെന്റ് പ്ലാൻ അനുസരിച്ച്‌ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് തുക 3 മാസം മുതല്‍ 36 മാസം വരെയുള്ള വിവിധ പേയ്മെന്റ് കാലാവധികളിലേക്ക് വിഭജിക്കാവുന്നതാണ്. emirates.com വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.


ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി പ്രമുഖ ബാങ്കുകളുമായി എമിറേറ്റ്സ് ഇതിനകം തന്നെ കൈകോർത്തു കഴിഞ്ഞു.


യാത്രക്കാർക്ക് ഇതൊരു ഗെയിം ചേഞ്ചറാണ്

പുതിയ പരിഹാരത്തെക്കുറിച്ച്‌ എമിറേറ്റ്സിന്റെ ഇന്ത്യ, നേപ്പാള്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇന്ത്യയിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലളിതവും വഴക്കമുള്ളതുമായ പേയ്മെന്റ് ഓപ്ഷനുകള്‍ നല്‍കാൻ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ ഇഎംഐ പരിഹാരം ഇന്ത്യൻ യാത്രാ വിപണിയില്‍ ഒരു വലിയ മാറ്റം കൊണ്ടുവരും. ആളുകള്‍ക്ക് ദീർഘകാലമായി കാത്തിരിക്കുന്ന അവരുടെ സ്വപ്ന അവധിക്കാല യാത്രകള്‍ സ്വന്തം ബഡ്ജറ്റിന് ഇണങ്ങുന്ന രീതിയില്‍ ആസൂത്രണം ചെയ്യാനും, പ്രതിമാസ തവണകളായി പണമടയ്ക്കാനും ഇത് വഴി സാധിക്കും."


വിമാനയാത്ര കൂടുതല്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും യാത്രാ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനും ഈ ഫ്ലെക്സിബിള്‍ പേയ്മെന്റ ഓപ്ഷനിലൂടെ സാധിക്കുമെന്നാണ് എയർലൈനിന്റെ വിലയിരുത്തല്‍.


Post a Comment

Thanks

أحدث أقدم