മൂന്നിയൂർ: പാറക്കടവിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ചെമ്മാട് ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിൽ കുട്ടികളുമായി എത്തുന്ന കുടുംബങ്ങളിൽ നിന്ന് ഈടാക്കുന്ന അമിത നിരക്കുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നിയൂർ സൗഹൃദ വേദി ഭാരവാഹികൾ ഹൈലൈറ്റ് മാൾ മാനേജ്മെന്റിന് പരാതി നൽകി.
ഗെയിം കോർണറിലെ വിവിധ ഗെയിമുകൾക്ക് 120രൂപ മുതൽ 150 രൂപ വരെയും സോഫ്റ്റ് പ്ലേ ഏരിയയിൽ ഒരാൾക്ക് അര മണിക്കൂറിന് 400 രൂപ മുതൽ 600 രൂപ വരെയുമാണ് ഈടാക്കുന്നത്. കുട്ടികൾക്കായി ഒരുക്കിയ വിനോദസൗകര്യങ്ങളിൽ സാധാരണയായി പ്രായം കുറഞ്ഞ കുട്ടികൾക്ക് ഇളവുകൾ നൽകുന്ന പതിവ് എല്ലായിടത്തും നിലനിൽക്കുമ്പോൾ ഇവിടെ ഒരു വയസ്സുള്ള കുഞ്ഞിനും പത്ത് വയസ്സുള്ള കുട്ടിക്കും ഒരേ നിരക്ക് ഈടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് ഭാരവാഹികൾ മാനേജ്മെന്റിന് നൽകിയ പരാതിയിൽ പറഞ്ഞു.
ഇത്തരം അമിത നിരക്കുകൾ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം സൃഷ്ടിക്കുന്നതോടൊപ്പം ഉപഭോക്തൃ അവകാശങ്ങളെയും ബാധിക്കുന്നതാണ്. കുട്ടികളുടെ വിനോദത്തെ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള വ്യാപാരമാക്കി മാറ്റുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്.
സഹൃദ വേദി പ്രതിനിധികൾ ഗെയിം കോർണർ സന്ദർശിച്ച് വിഷയം അവിടുത്തെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തൃപ്തികരമായ മറുപടിയല്ല അവരിൽ നിന്ന് ലഭിച്ചിരുന്നത്. അതിനാലാണ് ബന്ധപ്പെട്ട മാൾ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് വേണ്ടി ഔദ്യോഗികമായി പരാതി സമർപ്പിക്കുകയും അടിയന്തരമായി നിരക്കുകൾ പുനഃപരിശോധിച്ച് പ്രായാനുസൃതമായ ഇളവുകൾ ഉൾപ്പെടെയുള്ള നീതിയുക്തമായ സംവിധാനങ്ങൾ നടപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടത്.
ഈ വിഷയത്തിൽ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരവും മറ്റ് ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെയും പരാതി നൽകുന്നതുൾപ്പെടെ ശക്തമായ ജനകീയവും നിയമപരവുമായ ഇടപെടലുകൾ നടത്തുമെന്ന് കമ്മറ്റി മുന്നറിയിപ്പ് നൽകി.
കുട്ടികളുടെ സന്തോഷം ചൂഷണത്തിനുള്ള അവസരമാക്കരുതെന്നും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് എല്ലാ സ്ഥാപനങ്ങളുടെയും സാമൂഹിക ഉത്തരവാദിത്വമാണെന്നും മൂന്നിയൂർ സൗഹൃദ വേദി ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ, വി.പി.മുഹമ്മദ് ബാവ, ഹംസ പാറക്കടവ്, മുഹമ്മദ് കോയ കൊല്ലഞ്ചേരി, മൊയ്തീൻ മനരിക്കൽ എന്നിവർ പങ്കെടുത്തു.

إرسال تعليق
Thanks