പരിസ്ഥിതി ദിനം | സ്കൂൾ ടെറസിൽ പച്ച വിപ്ലവം

 


ചെമ്മാട്: കോൺക്രീറ്റ് കെട്ടിടത്തിനു മുകളിൽ പച്ചപ്പ് വിളയിച്ച് പരിസ്ഥിതി ദിനം ആഘോഷിച്ച് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വേറിട്ട മാതൃകയായി.


സ്കൂളിലെ Nature and Health ക്ലബ് -ന്റെ നേതൃത്വത്തിൽ പുതുതായി പണിത ഇരുനില കെട്ടിടത്തിന്റെ ടെറസിലാണ് ജൈവ പച്ചക്കറി കൃഷി ചെയ്തത്. 90 ഗ്രോ ബാഗുകളിലായി വെണ്ട, ചീര, വഴുതന, കാപ്സിക്കോ, മുളക്, മത്തൻ, പയർ തുടങ്ങിയ ഇനങ്ങൾ വിളയിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വിളവെടുപ്പ് ഉത്സവവും കർഷകരെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു.


മലയാളം അധ്യാപകൻ സാലിം മാഷിന്റെ നേതൃത്വത്തിൽ നടന്ന ഈ ഹരിത ഉദ്യമത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷാമിൽ, മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫഹിയാൻ, സ്കൂൾ ജീവനക്കാരൻ മുജീബ് റഹ്മാൻ എന്നിവർ സജീവ പങ്കാളികളായി.


ക്ലബ് കൺവീനർ നിസാർ ഫൈസി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് കൃഷിയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ജീവനക്കാരനെയും  ആദരിച്ചു.


വിളവെടുത്ത വിഷരഹിത പച്ചക്കറികളുമായി ക്ലബ് അംഗങ്ങൾ ക്ലാസ് മുറികൾ സന്ദർശിച്ചു. "ഇത് നമ്മൾ ഉണ്ടാക്കിയതാണ്" എന്ന് അഭിമാനത്തോടെ കുട്ടികൾ സഹപാഠികൾക്ക് വിശദീകരിച്ചു കൊടുത്തത് ശ്രദ്ധേയമായി.


ചടങ്ങിൽ അധ്യാപകരായ സാലിം, വിനീത്, ആകിഫ്, സിദ്ധീക്ക്, വിദ്യാർത്ഥികളായ നജ, ഫെബിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ് അംഗങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് മിഴിവേകി.


"പുസ്തകത്തിലെ പരിസ്ഥിതി പാഠം മാത്രം പോരാ, മണ്ണിൽ ഇറങ്ങി പഠിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ടെറസ് തോട്ടം കുട്ടികൾക്ക് ജീവിതകാലം മുഴുവൻ ഓർമ്മിക്കാനുള്ള പാഠശാലയാണ്" എന്ന് സംഘാടകർ പറഞ്ഞു.

Post a Comment

Thanks

Previous Post Next Post