മസ്‌കത്ത് | മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാനിയന്ത്രണ നിർദ്ദേശങ്ങളും കണക്കിലെടുത്ത് കുവൈത്ത്, ബെയ്‌റൂത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചതായി ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ അറിയിച്ചു. വെള്ളിയാഴ്ച പുറപ്പെടുവിച്ച യാത്രാ നിർദ്ദേശത്തിലാണ് എയർലൈൻ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ തീരുമാനപ്രകാരം ഒമാനും കുവൈത്തിനും ഇടയിലുള്ള എല്ലാ സർവീസുകളും 2026 ജൂലൈ 16 വരെ നിർത്തിവെക്കും. അതേസമയം ബെയ്‌റൂത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ 2026 ജൂലൈ 17 വരെയാണ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് പ്രതികരിച്ചും, യാത്രാസുരക്ഷ മുൻനിർത്തിയുമാണ് ഈ തീരുമാനമെന്ന് സലാം എയർ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ എയർലൈൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുതുക്കിയ അറിയിപ്പുകളും ലഭ്യമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു
Post a Comment
Thanks