താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ ; പാലിയേറ്റീവ് നഴ്സുമാർ അവഗണിക്കപ്പെട്ടു.



തിരൂരങ്ങാടി: സംസ്ഥാനത്ത് നൂറുക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചപ്പോഴും അതിലൊന്നും ഉൾപ്പെടാതെ  സംസ്ഥാനത്തെ പ്രൈമറി പാലിയേറ്റീവ് നഴ്സുമാർ വീണ്ടും അവഗണനയുടെ ഭാണ്ഡം പേറി പടിക്ക്  പുറത്ത് തന്നെ.

         സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ദിവസ വേതനക്കാരെയും ഓണറേറിയം ലഭിക്കുന്ന താത്ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താൻ ഡിസംബർ 31 ന് ചേർന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം , ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം ലഭിച്ച് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത് വരുന്നവരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ച വരെയും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ച് വരുന്നവരെയുമാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരായും സ്ഥിരപ്പെടുത്തും.      

എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി പാർട്ട് ടൈം ആയി നിയമനം ലഭിച്ച് ഓണറേറിയം , ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവർക്കും സ്ഥിരപ്പെടുത്തൽ ആനുകൂല്യം ലഭിക്കും.

       എന്നാൽ പത്തൊമ്പതും പതിനഞ്ചും വർഷത്തിലധികമായി  തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളും  താലൂക്ക് ആശുപത്രികളും കേന്ദീകരിച്ച് ആരോഗ്യ മേഖലയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന  നൂറുകണക്കിന് പ്രൈമറി പാലിയേറ്റീവ് നഴ്സുമാർ ഇപ്പോഴും  സ്ഥിരപ്പെടുത്തൽ  പട്ടികയിൽ നിന്നും പുറത്താണ് . പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ  സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്ത വിവിധ ജില്ലകളിലായി  തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ രണ്ടായിരത്തിൽ താഴെ എണ്ണം പ്രൈമറി  പാലിയേറ്റീവ് നഴ്സുമാരാണ് ജോലി ചെയ്യുന്നത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് മറ്റ് യാതൊരു അനുകൂല്യങ്ങളും ലഭ്യമല്ല. വളരെ കുറഞ്ഞ ഓണറേറിയമാണ് ഇവർക്ക് ലഭിക്കുന്നത്.    


ഒരു തദ്ദേശ സ്ഥാപനത്തിൽ മാസത്തിൽ മുന്നോറോളം കിടപ്പ് രോഗികളെയാണ് വീടുകളിൽ ചെന്ന് ഇവർ സുശ്രൂഷിക്കുന്നത്. മുറിവ് കെട്ടലും തെറാപ്പികളും രോഗിളെ കുളിപ്പിച്ച് കൊടുക്കലുമടക്കം വിവിധ സേവനങ്ങളാണ്  ഇവർ ചെയ്ത് വരുന്നത്. എല്ലാവർക്കും മാസത്തിൽ കൃത്യ വേതനം ലഭിക്കുമ്പോൾ പ്രൈമറി പാലിയേറ്റീവ് നഴ്സുമാർക്ക് മൂന്നും നാലും മാസങ്ങൾ കഴിഞ്ഞാണ് വേതനം ലഭിക്കാറ്. മാറി മാറി വരുന്ന സർക്കാരുകൾ സർക്കാരിന്റെ കീഴിലുള്ള എല്ലാ ജീവനക്കാർക്കും വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോഴും പ്രൈമറി പാലിയേറ്റീവ് നഴ്സുമാർ പടിക്ക് പുറത്താവാറാണുള്ളത്.   കഴിഞ്ഞ ഓണനാളിൽ  സർക്കാർ മേഖലയിലെ എല്ലാ ജീവനക്കാർക്കും  ശമ്പളവും സ്പെഷൽ അലവൻസും നേരത്തെ ലഭിച്ചെങ്കിലും പ്രൈമറി പാലിയേറ്റീവ് നഴ്സുമാർക്ക് ഓണം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമാണ്   ശമ്പളം ലഭിച്ചത്. എല്ലാ മേഖലയിലും ശമ്പള വർധനവും സ്ഥിര  നിയമനങ്ങളും നടത്തി വരുമ്പോൾ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ അവഗണിക്കുന്നത് ഏറെ പ്രതിഷേധാർഹമാണെന്നും പത്ത് വർഷത്തെ സർവ്വീസുള്ള പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെയെങ്കിലും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും കേരള പ്രൈമറി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറയും ജനറൽ സെക്രട്ടറി പി.ടി. സുനിതയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി , തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി എന്നിവർക്ക് ഈ ആവശ്യമുന്നയിച്ച് ഇ.മെയിൽ വഴി നിവേദനം അയക്കുകയും ചെയ്തു. ഇനിയും ഉചിതമായ തീരുമാനമെടുത്തില്ലെങ്കിൽ നിയമസഭാ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് നേത്രത്വം നൽകുമെന്നും അവർ മുന്നറിയിപ്പ് നൽകി.


അഷ്റഫ് കളത്തിങ്ങൽ പാറ

ചെയർമാൻ 

കേരള പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ

സംസ്ഥാന കമ്മറ്റി .

Tele: 97446633 66.


8- 1 - 2021

തിരൂരങ്ങാടി.

Post a Comment

Thanks

أحدث أقدم