പ്രാര്‍ത്ഥനകള്‍ വിഫലം, നോവായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.


പാലക്കാട് ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


കുട്ടിയുടെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് കുളത്തിന് നടുവില്‍ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടന്ന നിലയില്‍ കണ്ടത്. ഇത്രയും ദൂരം കുട്ടി എങ്ങിനെ എത്തിയെന്നതില്‍ ദുരൂഹത. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷിക്കണമെന്ന് ചിറ്റൂര്‍ നഗരസഭാ ചെയര്‍മാന്‍ സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. നടന്ന് പോകുമ്ബോള്‍ അപകടത്തില്‍ പെടാനുള്ള കുളമല്ല ഇതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.


അമ്ബാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്- തൗഹിത ദമ്ബതികളുടെ ഇളയമകൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. സാധാരണ കുട്ടികള്‍ തമ്മില്‍ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാല്‍ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചില്‍ നടത്തിയത്. സുഹാന്‍റെ അമ്മ നീലഗിരി പബ്ലിക് സ്കൂള്‍ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്ബോള്‍ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു.

Post a Comment

Thanks

Previous Post Next Post