ഊട്ടി: മഞ്ഞിൽ കുളിച്ച ഊട്ടി കാണാൻ സഞ്ചാരികളുടെ പ്രവാഹം. ഊട്ടിയിൽ 20 വർഷത്തിന് ശേഷമാണ് മഞ്ഞു വീഴ്ച രൂക്ഷമായത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം താപനില മൈനസ്സിലാണ്. മുൻ വർഷങ്ങളിലെല്ലാം രണ്ടു ദിവസത്തിൽ കൂടുതൽ മഞ്ഞ് വീഴ്ച ഉണ്ടായിട്ടില്ല. ഇപ്പോൾ ദിവസങ്ങളായി മഞ്ഞുവീഴ്ച തുടരുകയാണ്. മഞ്ഞു വീഴ്ച കാണാനും ചിത്രങ്ങൾ പകർത്താനുമായി പുലർച്ചെ മുതൽ ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളിലെ പുൽ മൈതാനങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. നൃത്തവും പാട്ടുമായി ചിത്രങ്ങൾ പകർത്തിയും സഞ്ചാരികൾ ഇവിടെ ആഘോഷിക്കുകയാണ്.
സഞ്ചാരികളുടെ തിരക്കിൽ തലൈകുന്ത മുതൽ കനത്ത ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്.മഞ്ഞു വീഴ്ച കാണാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ ഊട്ടിയിലെവിടെയും നിർത്താൻ വനം വകുപ്പും പൊലീസും അനുവദിക്കുന്നില്ല. ഊട്ടിയുടെ മനോഹാരിതയും പ്രകൃതി ഭംഗിയും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ മനസ്സ് മടുപ്പിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന ആരോപണമുണ്ട്.
ചിത്രങ്ങൾ പകർത്തുന്നതും റോഡിലിറങ്ങുന്നതും തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. മരങ്ങളും ചെടികളും ഇല്ലാത്ത പുൽമൈതാനങ്ങളും വനം ആണെന്നാണ് വനം വകുപ്പ് പറയുന്നു. നിർദേശം ലംഘിക്കുന്നവർക്ക് അധികൃതർ കനത്ത പിഴയീടാക്കുന്നുമുണ്ട്. സൗഹാർദപരമായി സഞ്ചാരികളെ സ്വീകരിക്കാനുള്ള മനോഭാവം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment
Thanks