‘ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ; മരുന്നിനുപോലും ബാക്കിയില്ല’: മറ്റത്തൂരിൽ കോൺഗ്രസിന് മുഖ്യമന്ത്രിയുടെ പരിഹാസം, മറുപടിയുമായി സതീശൻ


  തിരുവനന്തപുരം |  ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കഴിഞ്ഞ ദിവസം കണ്ടത്. മരുന്നിനുപോലും ഒരാളെ ബാക്കിവയ്ക്കാതെയാണ് ബിജെപി കോൺഗ്രസ് അംഗങ്ങളെ എടുത്തതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിലെ കുറിപ്പിൽ പരിഹസിച്ചു.


2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലും കോൺഗ്രസ് ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. ഇതിന്റെ കേരള മോഡലാണ് മറ്റത്തൂരിൽ കണ്ടത്. എൽഡിഎഫ് പ്രസിഡന്റ് വരുന്നത് തടയാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ ബിജെപിക്കൊപ്പം പോയത്.


ഇരുട്ടിവെളുക്കുമ്പോൾ ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവരും ബിജെപി ആകാൻ മടിക്കില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് മനസാക്ഷിക്കുത്തില്ല. സ്വയം വിൽക്കാനുള്ള കോൺഗ്രസിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്കു വളമിടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


അതേസമയം മുഖ്യമന്ത്രിയുടെ പരിഹാസത്തിനു മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തുവന്നു. മറ്റത്തൂരിൽ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും പ്രധാനമന്ത്രി പറയുന്നിടത്തെല്ലാം ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രിയെന്നും വി.ഡി. സതീശൻ പത്തനംതിട്ടയിൽ മാധ്യമങ്ങളോടു പറഞ്ഞു.

Post a Comment

Thanks

Previous Post Next Post