കോഴിക്കോട് | കോർപറേഷൻ പരിധിയിലെ വോട്ടർപട്ടികയിലും വ്യാപക ക്രമക്കേടുകളെന്ന ആരോപണവുമായി കോൺഗ്രസ്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയാണ് ആരോപണവുമായി രംഗത്തെത്തിയത്. കോൺഗ്രസ് നടത്തിയ പരിശോധനയിൽ 1300ലധികം ഇരട്ടവോട്ടുകൾ കണ്ടെത്തിയെന്നും റസിഡൻഷ്യൽ നമ്പർ പൂജ്യമായി രേഖപ്പെടുത്തിയ ഒമ്പത് വോട്ടുകളും 62മത്തെ വാർഡിൽ ഓരേ വീട്ടിൽ 70 വോട്ടുകൾ ഉണ്ടെന്നും കെ.സി. ശോഭിത ആരോപിച്ചു.
ഒരേ വീട്ടിൽ തന്നെ എല്ലാ മത വിഭാഗത്തിൽ ഉള്ളവർക്കും വോട്ടുകൾ ചേർത്തിട്ടുണ്ട്. ഇവർ പല വീടുകളിൽ താമസിക്കുന്നവരാണെന്നും ശോഭിത പറഞ്ഞു. ഒരു വ്യക്തിയ്ക്ക് രണ്ട് വോട്ടർ ഐഡികളിൽ വോട്ടുള്ളതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ ബേപ്പൂരിൽ 1500ലധികം വോട്ടുകളുടെ ക്രമക്കേട് ഉണ്ടെന്നും ശോഭിത പറഞ്ഞു. മരിച്ചവരും താമസം മാറിപ്പോയവരും പട്ടികയിൽ ഇടംപിടിച്ചപ്പോൾ ജീവിക്കുന്നവരിൽ വോട്ട് ഇല്ലാത്തവരുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
ഒരേ വ്യക്തി ഓരേ വാർഡിൽ വിവിധ ബൂത്തുകളിലും വിവിധ വാർഡുകളിലും വോട്ട് ചേർത്തിട്ടുണ്ട്. ചിലവാർഡുകളിൽ 50 ശതമാനത്തിൽ അധികം വോട്ടർമാരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുഖദാർ വാർഡിൽ മാത്രം 12000ലധികം വോട്ടർമാരുണ്ട്. സിപിഎമ്മാണ് ക്രമക്കേടിന് പിന്നിലെന്നും ക്രമക്കേട് ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകുമെന്നും കെ.സി. ശോഭിത അറിയിച്ചു.
Post a Comment
Thanks