മൂന്നിയൂർ ആലിൻ ചുവട് അങ്ങാടിയിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു; ഗതാഗതം നിയന്ത്രിക്കാൻ പോലീസ് സംവിധാനമൊരുക്കണമെന്ന് ആവശ്യം.


മൂന്നിയൂർ: തലപ്പാറ - ചെമ്മാട് റോഡിൽ മൂന്നിയൂർ ആലിൻ ചുവട് അങ്ങാടിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു.  ഗതാഗത കുരുക്കിൽപ്പെട്ട്  യാത്രക്കാരും വിദ്യാർത്ഥികളും രോഗികളും കാൽ നടയാത്രക്കാരും ഏറെ സമയം  പ്രയാസപ്പെടുകയാണിവിടെ. 

തലപ്പാറ - ചെമ്മാട് റോഡിലേക്ക് പരപ്പനങ്ങാടി - ആലിൻ ചുവട് റോഡ് വന്ന് ചേരുന്ന ജംഗ്ഷനിൽ തലപ്പാറ ഭാഗത്ത് നിന്നും ചെമ്മാട് ഭാഗത്തേക്ക് പോവുന്ന ബസ്സുകൾ ആളെ ഇറക്കാനും  കയറ്റാനും ബസ് ഇവിടെ നിർത്തുന്നത് കൊണ്ടാണ് രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ഇവിടെ ബസ് നിർത്തിയാൽ ചെമ്മാട് ഭാഗത്ത് നിന്ന് തലപ്പാറ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങളും  പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്കും പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾക്കും  എടുക്കാൻ കഴിയാതെ തടസ്സം നേരിടുകയാണ് . ചെമ്മാട് ഭാഗത്തേക്ക് ബസ് നിർത്താൻ അങ്ങാടിയിൽ നിന്നും ഏകദേശം  അൻപത് മീറ്റർ അകലത്തിൽ ഹൈസ്കൂളിന്റെ തൊട്ടടുത്തായി ബസ് സ്റ്റോപ്പ് നിർമ്മിച്ചിട്ടുണ്ടെങ്കിലും ബസുകൾ അവിടെ നിർത്താറില്ല. ബസുകൾ ഇവിടെ സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്താൽ ആലിൻ ചുവട് അങ്ങാടിയിൽ ഈ ഗതാഗത കുരുക്ക് അനുഭവപ്പെടില്ല. നിരവധി തവണ ബസ്സുകാരോട് ആലിൻചുവട് അങ്ങാടിയിൽ നിറുത്തരുതെന്നും സ്കൂളിന്റെയടുത്തള്ള സ്റ്റോപ്പിൽ നിർത്തണമെന്ന് പറഞ്ഞിട്ടും ബസ്സുകാർ ചെവി കൊള്ളുന്നില്ല. സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ ഏഴ് മണി മുതൽ പത്തര വരെയും വൈകുന്നേരം മൂന്നര മുതൽ ആറ് മണി വരെയുമാണ് ഇവിടെ ഗതാഗത തടസ്സം കൂടുതൽ അനുഭവപ്പെടുന്നത്. ചെറുതും വലുതുമായ നിരവധി സ്കൂൾ വാഹനങ്ങൾ ഈ സമയം ഇതിലൂടെ കടന്ന് പോവുന്നുണ്ട്. 

തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി, മറ്റ് സ്വകാര്യ ആശുപ ത്രികൾ എന്നിവയിലേക്കും തിരിച്ച് കോഴിക്കോട്ടെ  മെഡിക്കൽ കോളേജ് , സ്വകാര്യ ആശുപത്രികൾ എന്നിവയിലേക്ക് രോഗികളുമായി പോവുന്ന ആംബുലൻസുകൾ വരെ ഇവിടുത്തെ ഗതാഗത കുരുക്കിൽപ്പെടുന്നുണ്ട്. 

ആലിൻചുവട് അങ്ങാടിയിൽ നേരിടുന്ന  ഗതാഗത കുരുക്കിന് ഉടനെ  പരിഹാരം കാണണമെന്നും ഗതാഗത തടസ്സം രൂക്ഷമാവുന്ന രാവിലെയും വൈകുന്നേരവും ഗതാഗതം നിയന്ത്രിക്കുന്നതിന് പോലീസിനെയോ ഹോം ഗാർഡിനെയോ നിയമിക്കണമെന്നും ബസ്സുകൾ ആളെ ഇറക്കുന്നതും കയറ്റുന്നതും ബസ് സ്റ്റോപ്പിൽ തന്നെയാക്കാൻ ബസ്സുകാർക്ക് കർശന നിർദേശം നൽകണമെന്നും സാമൂഹ്യ പ്രവർത്തകനും മനുഷ്യാവകാശ സംഘടന തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


ഫോട്ടോ:

ബസ്‌ സ്റ്റോപ്പിലല്ലാതെ ബസ്സുകൾ  നിർത്തുന്നത് മൂലം രൂക്ഷമായ  ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന മൂന്നിയൂർ ആലിൻചുവട് അങ്ങാടി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha