ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 20 വരെ നീട്ടി


തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക്  ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കുക. വീടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 50,000 രൂപ  ധനസഹായം ലഭിക്കും. 

ഈ തുക തിരിച്ചടയ്‌ക്കേണ്ടതില്ല. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവ ഇല്ലാത്ത വീടുകള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന ലഭിക്കും. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കളുള്ളവര്‍, ഏക വരുമാനദായകരായ സ്ത്രീകള്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ അല്ലെങ്കില്‍ മക്കളില്ലാത്ത അപേക്ഷകര്‍ എന്നിവര്‍ക്കും മുന്‍ഗണനയുണ്ട്. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ തപാല്‍ മുഖാന്തരമോ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in -ല്‍ ലഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300523, 2300524, 2302090.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha