കൊളപ്പുറം: കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിൽ കൊളപ്പുറത്തെ കുരുക്കൊഴിവാകുന്നില്ല. തൃശ്ശൂരിൽനിന്ന് കോഴിക്കോട്ടേക്കും കോഴിക്കോടുനിന്ന് തൃശ്ശൂരിലേക്കും പോകാൻ കൂരിയാട് മുതൽ കൊളപ്പുറം വരെയുള്ള വീതികുറഞ്ഞ സർവീസ് റോഡ് തുറന്നുകൊടുത്തതോടെയാണ് കൊളപ്പുറം കവലയിൽ കുരുക്ക് കൂടിയത്. എല്ലാ ഭാഗത്തുനിന്നുള്ള വാഹനങ്ങളുംകൂടി ഒരിമിച്ച് വീതികുറഞ്ഞ സർവീസ് റോഡിലെത്തുമ്പോഴാണ് കുരുക്ക് മുറുകുന്നത്.
ആദ്യം രാവിലേയും വൈകുന്നേരവും മാത്രമായിരുന്നു കുരുക്കെങ്കിൽ ഇപ്പോൾ ഏതുസമയത്തും ഇവിടെ ഗതാഗതക്കുരുക്കാണ്. നടപ്പാതപോലുമില്ലാത്ത ഈ ഭാഗത്ത് കൊളപ്പുറത്തുനിന്ന് സ്‌കൂളിലേക്കും വീടുകളിലേക്കും നടന്നുപോകുന്ന വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർ കുരുക്കൊന്ന് മാറി നടന്നുപോകാൻ സമയങ്ങളോളം കാത്തുനിൽക്കേണ്ട ഗതികേടിലാണ്.
നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും മറ്റുമാണ് മിക്കസമയങ്ങളിലും ഇടപെട്ട് കുരുക്കൊഴിവാക്കുന്നത്. അധികൃതർ മനസ്സുവെച്ചാൽ കുരുക്കൊഴിവാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾക്ക് കൊളപ്പുറം ഹൈസ്‌കുളിന് താഴെവരെ ദേശീയപാത തുറന്നുകൊടുത്താൽ കവലയിലെ തിരക്ക് കുറയും. കൂരിയാട് ദേശീയപാത തകരുന്നതിന് മുൻപ് ഇതുവരെ പുതുതായി നിർമിച്ച ആറുവരി പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. തകർന്നടിഞ്ഞ വേങ്ങര കൂരിയാട് സർവീസ് റോഡ് തുറന്നുകൊടുക്കുന്നതുവരെ ഇങ്ങനെയൊരു സംവിധാനമെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സ്ഥിരം സംവിധാനമായി അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയ്ക്ക് സമാന്തരമായി പാലംവേണമെന്ന ആവശ്യത്തിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
Post a Comment
Thanks