സംസ്ഥാനത്ത് കൂടുതൽ വാഹനാപകടങ്ങളും മരണവും സംഭവിക്കുന്നത് രാത്രി ആറിനും ഒമ്പതിനും ഇടയിലെന്ന് പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപകടങ്ങളുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 48,841 വാഹനാപകടക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ അപകടങ്ങളിൽ 3875 പേർക്ക് ജീവൻ നഷ്ടമായി.
വാഹനങ്ങൾ കുറവായതിനാൽ രാത്രി 12നും പുലർച്ച മൂന്നിനും ഇടയിലാണ് അപകടങ്ങൾ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഈ സമയത്ത് 1170 അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ 220 പേർ മരിച്ചു. റോഡുകളിലെ വെളിച്ചക്കുറവും വലിയ തിരക്കും മദ്യപിച്ചുള്ള യാത്രകളുമെല്ലാം ഈ സമയങ്ങളിൽ കൂടുതലായി അപകടങ്ങൾ വിളിച്ചുവരുത്തുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
രാത്രി ആറിനും ഒമ്പതിനുമിടയിൽ മാത്രം നടന്നത് 10,382 അപകടങ്ങൾ. ഈ സമയത്തിനുള്ളിൽ അപകടത്തിൽപെട്ടവരിൽ 761 പേർക്കും ജീവൻ നഷ്ടമായി.
വൈകീട്ട് മൂന്നിനും ആറിനുമിടയിൽ നടന്ന 9197 അപകടങ്ങളിൽ 605 പേർ മരിച്ചു.
രാത്രി ഒമ്പതിനും 12നുമിടയിൽ 4806 അപകടങ്ങളിൽ 583 പേർ മരിച്ചു.
ഉച്ചക്ക് 12നും മൂന്നിനുമിടയിൽ സംഭവിച്ച 1170 അപകടങ്ങളിൽ 478 പേർ മരിച്ചു.
2024ൽ വിവിധ അപകടങ്ങളിലായി പരിക്കേറ്റത് 54,813 പേർക്കാണ്. ഇതിൽ 38,521 പേർ ഗ്രാമപ്രദേശങ്ങളിലും 16,292 പേർ നഗര പ്രദേശങ്ങളിലുമാണ്.
Post a Comment
Thanks