ട്രാൻസ് ദമ്പതിമാരുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാവ്; ചരിത്ര വിധിയുമായി ഹൈക്കോടതി


കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം ഇനി രക്ഷിതാവ് എന്ന് ഉപയോഗിച്ചാൽ മതിയെന്ന് ഹൈക്കോടതി. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പിതാവ്, മാതാവ് എന്നതിന് പകരം രക്ഷിതാവ് 1, രക്ഷിതാവ് 2 എന്നാക്കി മാറ്റാമെന്നാണ് കോടതി പറഞ്ഞത്. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരുടെ ഹര്‍ജിയിലാണ് ഈ ഉത്തരവ്.



2023 ഫെബ്രുവരിയിലാണ് സഹദ് – സിയ പവൽ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. ട്രാന്‍സ് വ്യക്തിയായ സഹദാണ് കുട്ടിക്ക് ജന്മം നല്‍കിയത്. എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ കുറിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അമ്മയുടെ പേര് സഹദ് എന്നും അച്ഛൻ്റെ പേരിൻ്റെ സ്ഥാനത്ത് ട്രാന്‍സ് വ്യക്തിയായ സിയയുടെ പേരുമാണ് രേഖപ്പെടുത്തിയത്. ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നിവയ്ക്കുപകരം രക്ഷിതാവ് എന്നാക്കണമെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നഗരസഭ ഇത് നിരസിച്ചു. തുടർന്നാണ് ഇരുവരും നിയമ പോരാട്ടത്തിന് ഒരുങ്ങിയത്.



‘പുരുഷന്‍ ഒരു കുട്ടിയെ പ്രസവിക്കുന്നതില്‍ ശാസ്ത്രീയമായി ചില വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍, മൂന്നാമത്തെ അപേക്ഷക (കുട്ടി) ജീവിതകാലത്ത് നേരിടേണ്ടി വരുന്ന കൂടുതല്‍ അപമാനങ്ങള്‍, അതായത് സ്‌കൂള്‍ പ്രവേശനം, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ജോലി, അനുബന്ധ കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രേഖകള്‍ എന്നിവ ഒഴിവാക്കാന്‍ അച്ഛന്റെയും അമ്മയുടെയും പേര് ഒഴിവാക്കി ‘രക്ഷിതാവ്’ എന്ന് എഴുതണമെന്നാണ് ഹര്‍ജിക്കാർ ആവശ്യപ്പെട്ടത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. ഇരുവരുടെയും ലിംഗസ്വത്വം രേഖപ്പെടുത്തുന്ന തരത്തില്‍ ഒന്നും പാടില്ല. നിലവിലുള്ള ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഈ തിരുത്തല്‍ വരുത്തണമെന്നും കോടതി നിര്‍ദേശം നൽകി. അഭിഭാഷകരായ പത്മ ലക്ഷ്മി , മറിയാമ്മ എ.കെ, ഇപ്സിത ഓജല്‍, പ്രശാന്ത് പത്മനാഭന്‍, മീനാക്ഷി കെ.ബി, പൂജ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha