സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു


കൊച്ചി | സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദുമായി വേര്‍പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണില്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി പന്തുതട്ടാന്‍ സഹല്‍ ഉണ്ടാകില്ല. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സഹലിനെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റാണ് സ്വന്തമാക്കിയത്.


അഞ്ചുവര്‍ഷത്തെ കരാറിലാണ് സഹല്‍ മോഹന്‍ ബഗാനിലെത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സുമായി താരത്തിന് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. 2.5 കോടി രൂപയ്ക്കാണ് സഹലിനെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സഹല്‍ ടീമിലെത്തിയ വിവരം മോഹന്‍ ബഗാന്‍ ഔദ്യോഗികമായി അറിയിച്ചു.


2018 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായി മാറിയ സഹല്‍ ടീമിനായി 92 മത്സരങ്ങള്‍ കളിച്ചു. 10 ഗോളുകളും നേടി. 2017-2018 സീസണില്‍ താരം ബ്ലാസ്‌റ്റേഴ്‌സ് ബി ടീമില്‍ കളിച്ചിരുന്നു. 2018 ഫെബ്രുവരി എട്ടിനാണ് സഹല്‍ ആദ്യമായി ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലിടം നേടിയത്. അന്ന് പകരക്കാരനായി താരം ഗ്രൗണ്ടിലെത്തി.


  'ഒരായിരം നന്ദി' എന്ന തലക്കെട്ടോടെ സഹലിന് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ടു. സഹലിന് ഭാവിയില്‍ എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചു. സഹലിന് പകരം മോഹന്‍ ബഗാനില്‍ നിന്ന് പ്രതിരോധതാരം പ്രീതം കോട്ടാല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തി. 1.5 കോടി രൂപയ്ക്കാണ് കോട്ടാല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha