അപകടത്തില്‍ വേര്‍പെട്ട തല തുന്നിച്ചേര്‍ത്തു; അത്ഭുത ശസ്ത്രക്രിയയിലൂടെ 12 കാരന് പുതുജന്മം


ടെല്‍ അവീവ്: അപകടത്തെത്തുടര്‍ന്ന് തല കഴുത്തില്‍ നിന്ന് ഭൂരിഭാഗവും വേര്‍പെട്ട പന്ത്രണ്ടുകാരനില്‍ അത്യപൂര്‍വമായ ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍. സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ ഇടിച്ച് അപകടത്തില്‍ പെട്ട കുട്ടിയുടെ ഏതാണ്ട് പൂര്‍ണമായും വേര്‍പെട്ട തലയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ ചേര്‍ത്തുവെച്ചത്.

സുലൈമാന്‍ ഹാസന്‍ എന്ന പന്ത്രണ്ടുകാരനിലാണ് ഡോക്ടര്‍മാര്‍ വിജയകരമായി ശസ്ത്രക്രിയ ചെയ്തത്. നട്ടെല്ലിന് മുകളിലെ കശേരുക്കളില്‍ നിന്ന് സുലൈമാന്റെ തലയോട്ടി വേര്‍പെട്ട് പോന്നിരുന്നു. ബൈലാറ്ററല്‍ അറ്റ്‌ലാന്റോ ആന്‍സിപിറ്റല്‍ ജോയിന്റ് ഡിസ്‌ലോക്കേഷന്‍ എന്നാണ് ഈ അവസ്ഥയെ ശാസ്ത്രീയമായി പറയുന്നത്.

അപകടത്തിനു പിന്നാലെ ഹാദസാ മെഡിക്കല്‍ സെന്ററിലാണ് സുലൈമാനെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തകരാര്‍ സംഭവിച്ച ഭാഗത്ത് പ്ലേറ്റുകള്‍ ഘടിപ്പിക്കുകയായിരുന്നു എന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ.ഒഹാദ് ഐനവ് പറഞ്ഞു.

അതിസങ്കീര്‍ണ്ണമായ ഈ പ്രശ്‌നത്തില്‍ നിന്നും കുട്ടി രക്ഷപ്പെടാന്‍ 50 ശതമാനം മാത്രമാണ് സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും സുലൈമാന്‍ ഹസന്‍ ഇന്ന് പൂര്‍ണ സുഖം പ്രാപിച്ചിരിക്കുന്നു.

കഴിഞ്ഞ മാസമാണ് ചികിത്സ പൂര്‍ത്തിയായത്. എന്നാല്‍ ജൂലൈ വരെ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. സെര്‍വിക്കല്‍ സ്പ്ലിന്റുമായി അടുത്തിടെ ഹസ്സന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി. എങ്കിലും കുട്ടി പൂര്‍ണ്ണ സുഖം പ്രാപിക്കുന്നത് വരെ നിരീക്ഷിണം തുടരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

കുട്ടിക്ക് നാഡീസംബന്ധമായ കുറവുകളോ സെന്‍സറി അല്ലെങ്കില്‍ മോട്ടോര്‍ ഡിസ്ഫംഗ്ഷനോ ഇല്ലെന്നതും വളരെ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷവും പരസഹായമില്ലാതെ നടക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നു എന്നതും ചെറിയ കാര്യമല്ലെന്നും ഡോ. ഐനവ് പറഞ്ഞു

Post a Comment

Thanks

Previous Post Next Post
Moonniyur Vartha