ബൈപ്പാസ് ആറുവരിയാക്കല്‍: തൊണ്ടയാട് പുതിയ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന്റെ പൈലിങ് ഇന്ന് തുടങ്ങും; രാമനാട്ടുകരയില്‍ പണി പുരോഗമിക്കുന്നു

 


കോഴിക്കോട്: രാമനാട്ടുകരമുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച തൊണ്ടയാട് പുതിയ മേല്‍പ്പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള ടെസ്റ്റ് പൈലിങ് തുടങ്ങും. ഇതിനുമുന്നോടിയായി തൊണ്ടയാട് മേല്‍പ്പാലത്തിനുതാഴെയുള്ള വാഹന പാര്‍ക്കിങ് നിരോധിച്ചു.

രാമനാട്ടുകരയിലും തൊണ്ടയാടും നിലവില്‍ രണ്ടുവരി മേല്‍പ്പാലങ്ങളുണ്ട്. പുതിയ പാലം പണിത് അത് ആറുവരിയായി വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. രാമനാട്ടുകരയില്‍ പുതിയ മേല്‍പ്പാലത്തിന്റെ പൈലിങ് ഡിസംബര്‍ ആദ്യവാരം തുടങ്ങിയിരുന്നു. ബൈപ്പാസ് ജങ്ഷനു സമീപത്ത് 16.5 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്താണ് ടെസ്റ്റ് പൈലിങ് തുടങ്ങിയത്. ഇനി ഒരാഴ്ചയ്ക്കുശേഷം തൂണുകളുടെ പൈലിങ് ആരംഭിക്കാനാണ് പദ്ധതി.

നിലവിലെ മേല്‍പ്പാലത്തിനു സമാന്തരമായാണ് രാമനാട്ടുകരയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്. പത്ത് തൂണുകളാണ് മൊത്തമുണ്ടാവുക. രണ്ട് അറ്റത്തും ലാന്‍ഡ് സ്പാനുകളാണ്. 440 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ഉണ്ടാകുന്ന പാലത്തിന് 30 മീറ്റര്‍ വീതം നീളമുള്ള 12 സ്പാനുകളാണ് നിര്‍മ്മിക്കുന്നത്.



മരംമുറിയും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. മഴ കാരണമാണ് പ്രവൃത്തികള്‍ വൈകിയതെന്ന് കരാറുകാരന്‍ പറഞ്ഞു. മരം മുറിച്ച സ്ഥലങ്ങളിലൊക്കെ മണ്ണിട്ട് നിര്‍മാണത്തിനുള്ള ഒരുക്കം തുടങ്ങി. ഇനി കെ.എസ്.ഇ.ബി.യുടെ വൈദ്യുതത്തൂണുകളും ജല അതോറിറ്റിയുടെ പൈപ്പുകളുമാണ് പ്രധാനമായും മാറ്റാനുള്ളത്. ബൈപ്പാസിനോട് ചേര്‍ന്ന്

പന്തീരങ്കാവിനടുത്ത് കരാറുകാരുടെ പ്ലാന്റ് പൂര്‍ണമായും സജ്ജമായി. മണ്ണും കോണ്‍ക്രീറ്റും പരിശോധിക്കാനുള്ള 2,500ചതുരശ്ര അടിയുള്ള ലാബും ഒരുങ്ങിയിട്ടുണ്ട്.

28.4 കിലോമീറ്ററിലാണ് റോഡ് ആറുവരിപ്പാതയാക്കുന്നത്. ഇതില്‍ വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍പാര്‍ക്ക്, ഹൈലൈറ്റ് മാള്‍, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര ജങ്ഷന്‍ എന്നിവിടങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ പണിയുക. മലാപ്പറമ്പ്, വേങ്ങേരി ജങ്ഷനുകളില്‍ ഭൂഗര്‍ഭപാതയായാണ് ബൈപ്പാസ് കടന്നുപോവുന്നത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha