യാത്രക്കാരുടെ ശ്രദ്ധക്ക്; ചെറുവണ്ണൂർ മേൽപ്പാല നിർമ്മാണം; ഫറോക്ക്-ചെറുവണ്ണൂർ റോഡിൽ നവംബർ 9 മുതൽ പൂർണ്ണ ഗതാഗത നിരോധനം..!


കോഴിക്കോട് നഗരപാത വികസന പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഫറോക്ക് പുതിയപാലം മുതൽ ചെറുവണ്ണൂർ ജംഗ്ഷൻ വരെയുള്ള റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. നവംബർ 9 രാത്രി 10 മണി മുതൽ നവംബർ 12 രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.


സുഗമമായ ഗതാഗത സംവിധാനത്തിനായി ഈ കാലയളവിൽ വാഹനങ്ങൾക്ക് പ്രത്യേക ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

​

ചരക്ക് വാഹനങ്ങൾ: കണ്ടെയ്‌നർ വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ എന്നിവ വെങ്ങളം–രാമനാട്ടുകര ദേശീയപാത 66 വഴി പോകേണ്ടതാണ്.


​മലപ്പുറം ഭാഗത്തു നിന്നുള്ളവ: മലപ്പുറം, കൊണ്ടോട്ടി, തൃശൂർ, യൂണിവേഴ്സിറ്റി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പന്തീരാങ്കാവ്–തൊണ്ടയാട് വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.


കടലുണ്ടി ഭാഗത്തു നിന്നുള്ളവ: കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഫറോക്ക് ചുങ്കം വഴി അഴിഞ്ഞിലം ജംഗ്ഷനിലെത്തി പന്തീരാങ്കാവ്–തൊണ്ടയാട് വഴി കോഴിക്കോട് നഗരത്തിലേക്ക് പോകേണ്ടതാണ്.



നഗരത്തിൽ നിന്നുള്ളവ: കോഴിക്കോട് നഗരത്തിൽ നിന്ന് മലപ്പുറം, തൃശൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തൊണ്ടയാട് ദേശീയപാത 66 വഴി യാത്ര ചെയ്യണം.

​ 

ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിൽ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ് വഴിയും, പാളയം, ബീച്ച്, റെയിൽവേ ഭാഗങ്ങളിൽ നിന്ന് ഫറോക്കിലേക്ക് പോകുന്ന വാഹനങ്ങൾ മാങ്കാവ്–മാത്തറ-പന്തീരാങ്കാവ് വഴിയും സഞ്ചരിക്കണം.


ദീർഘദൂര ബസ് സർവീസുകൾ:, ​പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ നിന്നുള്ള ദീർഘദൂര ബസുകൾ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം പന്തീരാങ്കാവ് ദേശീയപാത 66 വഴി നഗരത്തിലേക്ക് കടക്കണം.

​

തിരുവനന്തപുരം –എറണാകുളം–കാസർഗോഡ് റൂട്ടിലെ കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകൾ ദേശീയപാത 66 വഴി സർവീസ് നടത്തണം.


* മലപ്പുറം, മഞ്ചേരി, നിലമ്പൂർ, വേങ്ങര, തിരൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ രാമനാട്ടുകര സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം എയർപോർട്ട് റോഡ് ജംഗ്ഷൻ–പന്തീരാങ്കാവ്–മാത്തറ-മാങ്കാവ് വഴി നഗരത്തിലേക്ക് പ്രവേശിക്കണം. നഗരത്തിൽ നിന്ന് തിരികെ പോകുന്ന ബസുകൾ മീഞ്ചന്ത–അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ്–രാമനാട്ടുകര സ്റ്റാൻഡ് വഴി സഞ്ചരിക്കണം.


* സിറ്റി ബസ് സർവീസുകൾ: കടലുണ്ടി, ചാലിയം, കരുവൻതുരുത്തി, ഫറോക്ക് ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരുന്ന സിറ്റി ബസുകൾ ചെയിൻ സർവീസായി കോയാസ് ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കുകയും അവിടെ നിന്ന് ആരംഭിക്കുകയും വേണം.


* നഗരത്തിൽ നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകൾ ചെറുവണ്ണൂർ ജംഗ്ഷന് സമീപം സർവീസ് അവസാനിപ്പിച്ച് ആരംഭിക്കണം. ബേപ്പൂർ–ബി.സി. റോഡ് ജംഗ്ഷൻ വഴി ഫറോക്കിലേക്ക് പോകുന്ന ബസുകൾ ചെറുവണ്ണൂർ–കൊളത്തറ റോഡിൽ സർവീസ് അവസാനിപ്പിച്ച് ആരംഭിക്കേണ്ടതാണ്.


പന്തീരാങ്കാവ് ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്

Post a Comment

Thanks

Previous Post Next Post