പൊതുമരാമത്ത് മന്ത്രി വൈലത്തൂർ സന്ദർശിച്ചു I ടൗൺ വികസനത്തിന് 13 കോടി



വൈലത്തൂർ: ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന വൈലത്തൂർ ടൗൺ നവീകരണത്തിന് പ്രതീക്ഷയേകി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വൈലത്തൂർ സന്ദർശിച്ചു. ടൗൺ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനും പൊതുമരാമത്ത് ബൈപ്പാസ് നിർമാണത്തിനുമായി 13 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.


ടൗൺ വികസനത്തിനായി സ്ഥലം വിട്ടുനൽകുന്ന നടപടി പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായി വരുന്ന അധിക തുക പൊതുമരാമത്ത് വകുപ്പ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


 രാവിലെ പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് ഹാളിൽ ഉന്നതതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സ്ഥല ഉടമകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗം ചേർന്നു. തുടർന്നാണ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ട പ്രധാന സ്ഥലങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ സംഘം നേരിട്ട് സന്ദർശിച്ചത്. 


ടൗൺ നവീകരണത്തിനാവശ്യമായ കൂടുതൽ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്നതിനായി പൊതുമരാമത്ത് വകുപ്പ് സിറ്റി ഇംപ്രൂവ്മെന്റ് വിഭാഗം സമിതി അംഗങ്ങൾ അടുത്ത 14-ന് വൈലത്തൂർ ടൗൺ സന്ദർശിക്കും. സ്ഥലം ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട തുടനടപടികൾ വേഗത്തിലാക്കാനും നിർദേശം നൽകി.


പൊൻമുണ്ടം ഗ്രാമ പഞ്ചായത്ത് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊൻമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ആർ. കോമുകുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ്, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിമി, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സി. വിമൽ രാജ്, വൈസ് പ്രസിഡന്റ് അസ്മാബി പരേടത്ത്, ഒ. അലവി, പ്രജിഷ, സി.കെ. മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിദ്ദിഖ് പുല്ലാട്ടിൽ, പി.കെ. ഹൈദ്രോസ് പി.കെ. മൊയ്തീൻ, അലവി കുട്ടി, കവുമ്പുറത്ത് നാസർ, വരിക്കോട്ടിൽ മമ്മദ് ഹാജി, പി.കെ. ജാബിറലി മറ്റ് രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സംസാരിച്ചു.

Post a Comment

Thanks

أحدث أقدم