യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സാനിറ്ററി നാപ്കിൻ ആവശ്യമായി വന്നാൽ ഇനി സ്ത്രീകൾ കടകൾ തേടി അലയേണ്ടിവരില്ല. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലുകളിൽ കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. സ്ത്രീകളുടെ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് ഇന്ന് തുടക്കമാകുന്നത്.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സിയുടെ 14 പ്രധാന കേന്ദ്രങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഉപയോഗിച്ച നാപ്കിനുകൾ ശുചിത്വത്തോടെ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്ററുകളും സ്ഥാപിക്കും.
മൂന്ന് സാനിറ്ററി നാപ്കിനുകൾ അടങ്ങിയ ഒരു പാക്കറ്റിന് 10 രൂപ മാത്രമാണ് വില ഈടാക്കുന്നത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന അടിയന്തര ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം ഉപയോഗിച്ച നാപ്കിനുകളുടെ ശാസ്ത്രീയമായ സംസ്കരണവും പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തിലെ പൈലറ്റ് പദ്ധതി വിജയകരമാകുന്നതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് പുറമെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ പൊതുസ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
إرسال تعليق
Thanks