തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ ജനന-മരണ രജിസ്ട്രേഷൻ വിഭാഗത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നതിലും സർട്ടിഫിക്കറ്റുകളിൽ നിയമവിരുദ്ധമായി തിരുത്തലുകൾ വരുത്തുന്നതിലും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടന നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും മറ്റ് അധികാരികൾക്കും പരാതി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, ജില്ലാ കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരസഭാ ചെയർപേഴ്സൺ എന്നിവർക്കാണ് നിവേദനം നൽകിയിട്ടുള്ളത്.
ഔദ്യോഗിക സോഫ്റ്റ്‌വെയറുകളിൽ ക്രമക്കേട് നടത്തിയും ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്തുമാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. നഗരസഭാ പരിധിക്ക് പുറത്തുള്ളവർക്കും വിദേശത്തുള്ളവർക്കും വരെ വ്യാജമായി ജനന-മരണ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. കൂടാതെ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള യഥാർത്ഥ രേഖകളിൽ പേരും വിലാസവും മാറ്റി തിരുത്തലുകൾ വരുത്തിയത് യഥാർത്ഥ സർട്ടിഫിക്കറ്റ് ഉടമകളെ വലിയ നിയമക്കുരുക്കുകളിലേക്കും പ്രയാസങ്ങളിലേക്കും തള്ളിവിടാൻ സാധ്യതയുണ്ട്.
ഔദ്യോഗിക രേഖകളുടെ വിശ്വാസ്യത തകർക്കുന്നതും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്നതുമായ ഇത്തരം ഗൗരവകരമായ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എൻ.എഫ് പി.ആർ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഉയർന്ന തലത്തിലുള്ള സമഗ്രമായ പോലീസ്, വിജിലൻസ് അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കുക,
തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാർക്കും ഇടനിലക്കാർക്കുമെതിരെ മാതൃകാപരമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുക,
യഥാർത്ഥ സർട്ടിഫിക്കറ്റ് ഉടമകൾക്ക് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള നിയമപ്രശ്നങ്ങളിൽ നിന്ന് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുകയും പൊതുജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്യുക,
സോഫ്റ്റ്‌വെയർ സുരക്ഷ ശക്തമാക്കുകയും ഭാവിയിൽ ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക,
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും താലൂക്ക് പ്രസിഡണ്ട് അറഫാത്ത് പാറ പ്പുറം ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, ട്രഷറർ നൗഷാദ് സിറ്റി പാർക്ക് എന്നിവർ ബന്ധപ്പെട്ടവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

إرسال تعليق
Thanks