തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ മുന്നണി വൻ പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 2 മുതൽ ദേശവ്യാപക "സേവ് ഡെമോക്രസി" മാർച്ച്


രാജ്യത്ത് ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നുവെന്നും ആരോപിച്ച് കേന്ദ്ര സർക്കാറിനും ഇലക്ഷൻ കമ്മീഷനുമെതിരെ വൻ പ്രതിഷേധ പരിപാടികളുമായി ഇന്ത്യ മുന്നണി (INDIA bloc). ഒക്ടോബർ 2 മുതൽ 8 വരെ ദേശവ്യാപകമായി ജില്ലാ തലത്തിൽ 'സേവ് ഡെമോക്രസി മാർച്ച്' നടത്താൻ ഇന്ത്യ മുന്നണി യോഗം തീരുമാനിച്ചു.

ന്യൂഡൽഹിയിൽ ചേർന്ന മുന്നണി ഏകോപന യോഗത്തിലാണ് തീരുമാനം. ഖാർഗെയാണ് വാർത്താസമ്മേളനത്തിൽ മൂന്നര മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമുള്ള തീരുമാനങ്ങൾ വിശദീകരിച്ചത്. ഒക്ടോബർ 6 ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ എം പിമാർ മാർച്ച് നടത്തും. കൂടാതെ ഒക്ടോബർ രണ്ടാം വാരത്തിൽ പ്രതിപക്ഷ നേതാക്കൾ ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിലവിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിസന്ധികളെക്കുറിച്ച് ആശങ്ക അറിയിക്കും.


ഉദ്ധവ് താക്കറെ, ഹേമന്ത് സോറൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ഒന്നിച്ച് പോരാടാൻ തീരുമാനിച്ചതായി ഖാർഗെ വ്യക്തമാക്കി. ഇലക്ഷൻ കമ്മീഷൻ സർക്കാറിന്റെ സ്വാധീനത്തിലാണെന്നും അന്യായമായ മാർഗ്ഗങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പുകൾ ജയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇ വി എം ക്രമക്കേടുകളും വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തതും യോഗത്തിൽ വലിയ ചർച്ചയായെന്ന് എൻ സി പി ശരദ് പവാർ വിഭാഗം നേതാവ് ജിതേന്ദ്ര ഔഹാദ് പറഞ്ഞു. മനുഷ്യ നിർമ്മിതമായ ഏത് യന്ത്രവും ഹാക്ക് ചെയ്യപ്പെടാം എന്നും ബംഗാളിലും ബീഹാറിലും ഭരണപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറും മോദിയും ചേർന്ന് കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം കവരുന്നുവെന്നും വോട്ട് മോഷണത്തിലൂടെ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണെന്നും കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ ആരോപിച്ചു.


Post a Comment

Thanks

أحدث أقدم