തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിലെ ലാബിൽ ടെസ്റ്റ് നടത്തുന്ന ഒരു മെഷീൻ തകരാറിലായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതരും ഉത്തരവാദിത്വപ്പെട്ടവരും നിസ്സംഗതയിൽ .മെഷീൻ തകരാറിലായതിനെ തുടർന്ന് ഇവിടെ നിന്നും നടത്തേണ്ട പത്തിലേറെ ടെസ്റ്റുകളാണ് മുടങ്ങി കിടക്കുന്നത്.
നിത്യവും രോഗികൾ ആശ്രയിക്കുന്ന ഷുഗർ ടെസ്റ്റ്, കൊളസ്ട്രോൾ ടെസ്റ്റ്, മഞ്ഞപിത്ത രോഗം അറിയുന്നതിനുള്ള എൽ. എഫ്.റ്റി, ആർ.എഫ് റ്റി ടെസ്റ്റുകൾ തുടങ്ങി പത്തിലേറെ ടെസ്റ്റുകളാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മുടങ്ങിയിരിക്കുന്നത്. ഗവ: ആശുപത്രികളിലെത്തുന്ന മുതിർന്നവർക്ക് കുറഞ്ഞ നിരക്കിലും പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവർക്ക് പൂർണ്ണമായും സൗജന്യമായും നടത്തുന്ന ടെസ്റ്റുകളാണ് ഇവിടെ മുടങ്ങിയിട്ടുള്ളത്.
ആശുപത്രിക്ക് പുറത്ത് സ്വകാര്യ ലാബുകളിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരേ നിരക്കിലുള്ള വലിയ തുകയാണ് പല ടെസ്റ്റുകൾക്കും ഈടാക്കുന്നത്.
താലൂക്ക് ആശുപത്രിയിലെത്തുന്ന നിരവധി രോഗികൾക്ക് പുറമെ ഹജ്ജ് യാത്രികർക്കുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകളും ഇവിടെ ഇപ്പോൾ നടക്കുന്നുണ്ട്. ദിവസവും നൂറുകണക്കിന് ഹജ്ജ് യാത്രികരാണ് മെഡിക്കൽ ടെസ്റ്റിനു വേണ്ടി ഇവിടെ എത്തുന്നത്. താലൂക്ക് ആശുപത്രി ലാബിലെ മെഷീൻ തകരാറിലായതിനെ തുടർന്ന് ഇവിടെ നിന്നും നിർദേശിക്കുന്ന പല ടെസ്റ്റുകളും പുറമെ നിന്നും നടത്തുന്നത് മൂലം ഇവിടെയുള്ള സ്വകാര്യ ലാബുകാർക്ക് നല്ല ചാകരയാണ്. ആർ എഫ്.റ്റി, എൽ .എഫ് .റ്റി പോലുള്ള ടെസ്റ്റുകൾ താലൂക്ക് ആശുപത്രിയിൽ പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് 160 രൂപ നിരക്കിൽ ലഭിക്കുമ്പോൾ സ്വകാര്യ ലാബുകളിൽ അഞ്ഞൂറ് രൂപക്ക് മുകളിലാണ് നിരക്ക് വരുന്നത്. മെഷീൻ തകരാറിലായി ദിവങ്ങൾ കഴിഞ്ഞിട്ടും ശരിയാക്കാത്തത് ആശുപത്രി അധികൃതരും സ്വകാര്യ ലാബ് ലോബിയും തമ്മിൽ പരസ്പര ധാരണയുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി ലാബിൽ തകരാറിലായ മെഷീൻ എത്രയും വേഗത്തിൽ ശരിയാക്കി താലൂക്ക് ആശുപത്രിയിൽ മുടങ്ങി കിടക്കുന്ന എല്ലാ ലാബ് ടെസ്റ്റുകളും ആശുപതിയിൽ വെച്ച് തന്നെ നടത്താനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി പ്രസിഡണ്ട് അറഫാത്ത് പാറപ്പുറം, ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, ട്രഷറർ നൗഷാദ് സിറ്റി പാർക്ക് എന്നിവർ ആശുപത്രി സുപ്രണ്ട് , ജില്ലാ മെഡിക്കൽ ഓഫീസർ , തിരൂരങ്ങാടി നഗരസഭാ ചെയർ പേഴ്സൺ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
إرسال تعليق
Thanks