പരപ്പനങ്ങാടി:തെരുവിൽ അശരണനായി കഴിഞ്ഞിരുന്ന യുവാവിന് ട്രോമാകെയർ ടീമിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ സുരക്ഷയും ചികിത്സയും ഉറപ്പാക്കി. മാസങ്ങളായി പരപ്പനങ്ങാടി തെരുവിൽ യാചന നടത്തിവന്ന ചെറുപ്പക്കാരന്റെ കാൽപാദം മുറിച്ചുമാറ്റിയ ഭാഗത്ത് പഴുപ്പ് ബാധിച്ച് അസഹ്യമായ ദുർഗന്ധം പരക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇതേതുടർന്നാണ് ട്രോമാകെയർ ടീം അടിയന്തരമായി ഇടപെട്ടത്.
സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെട്ട് യുവാവിനെ കുളിപ്പിച്ച് മുടി വെട്ടി വൃത്തിയാക്കിയ ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർചികിത്സയ്ക്കായി മലപ്പുറം സൽവ കെയർ ഹോമിലേക്ക് മാറ്റും. ജില്ലാ സാമൂഹ്യനീതി വകുപ്പും ജില്ലാ ട്രോമാകെയറും ചേർന്ന് അശരണർക്കും വയോജനങ്ങൾക്കും ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനായി ആരംഭിച്ച 'കെയർ' പദ്ധതിയുടെ ഭാഗമായാണ് ഈ മാതൃകാപരമായ പ്രവർത്തനം നടപ്പിലാക്കിയത്.
രക്ഷാപ്രവർത്തനത്തിന് ടൗൺ മുനിസിപ്പൽ കൗൺസിലർ ജംഷീർ മാപ്പുട്ടിൽ റോഡ്, കെ.എം.എ ഹാഷിം, എം.ആർ.കെ മജീദ്, റാഫി ചുടലപ്പറമ്പ്, റഫീഖ് കോനാരി, അഷ്റഫ്, മുനീർ സ്റ്റാർ എന്നിവർ നേതൃത്വം നൽകി. ഒപ്പം പരപ്പനങ്ങാടി എസ്.എച്ച്.ഒ ജയപ്രകാശ്, സി.പി.ഒ സിബി എബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു.
Post a Comment
Thanks