കൊണ്ടോട്ടി : ഏറെക്കാലമായി നീണ്ടുപോകുന്ന കൊണ്ടോട്ടി ബൈപാസ് റോഡിന്റെ നവീകരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10 മണി മുതൽ 12 മണി വരെ കൊണ്ടോട്ടി ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പ്രതിഷേധ പ്രകടനവും സൂചനാ പണിമുടക്കും നടത്താനാണ് വ്യാപാരികളുടെ തീരുമാനം.
ബൈപാസ് നിർമാണം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ടാറിങ് പ്രവൃത്തികൾ ആരംഭിക്കാൻ അധികൃതർ തയാറാകാത്തതിൽ കടുത്ത അമർഷത്തിലാണ് വ്യാപാരികൾ. മഴ മാറിയാൽ ഉടൻ ടാറിങ് ആരംഭിക്കുമെന്ന് ഉറപ്പുനൽകിയ അധികൃതർ, ദിവസങ്ങളായി തെളിഞ്ഞ കാലാവസ്ഥ നിലനിന്നിട്ടും തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നേതാക്കൾ ആരോപിക്കുന്നു.
റോഡിലെ അതിരൂക്ഷമായ പൊടിശല്യം കാരണം കടകളിലെ ലക്ഷക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്.
പകൽ മുഴുവൻ കടകളിലും തെരുവിലും കഴിയുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരികയാണ്. കടുത്ത പൊടിയും വലിയ കുഴികളും കാരണം ഉപഭോക്താക്കൾ ടൗണിലേക്ക് എത്താൻ മടിക്കുന്നതോടെ നഗരത്തിലെ കച്ചവടം പൂർണമായും നിലച്ച മട്ടാണ്.
വലിയ പ്രതീക്ഷയോടെ കണ്ട ഓണം സീസണിൽ പോലും വ്യാപാരികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. നാളെ നടക്കുന്ന ബഹുജന പ്രതിഷേധ പ്രകടനത്തിന് ശേഷവും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ നഗരത്തിൽ അനിശ്ചിതകാല കടയടപ്പ് സമരം ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് സമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.
إرسال تعليق
Thanks