വിവാദമായ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് പിന്തുണയുമായി ഇ.കെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇന്ത്യയിൽ ഓരോരുത്തർക്കും അവരവരുടെ മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്നും, കാലികമല്ലെന്ന് പറഞ്ഞ് അതിനെ കളിയാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങളെ എതിർക്കാൻ ആരെയും അനുവദിക്കില്ല. വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അത് കാലത്തിനനുസരിച്ച് മാറുന്നതല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
കാന്തപുരത്തെ പിന്തുണച്ച് ഇ.കെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും രംഗത്തെത്തി. കാന്തപുരം മതവിധി പറഞ്ഞതിനെ തലകീഴായി മറിക്കരുതെന്നും, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകളെ അടുക്കളകളിൽ തളച്ചിടാമെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ അവർ രംഗപ്രവേശം ചെയ്യുന്നിടങ്ങളിൽ പ്രദർശന വസ്തുവാകരുതെന്നും, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പറയുന്നതിനെ പുരോഗമന വിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും നാസർ ഫൈസി കൂട്ടിച്ചേർത്തു.
إرسال تعليق
Thanks