ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് ഉപയോക്താക്കളുടെ ജന്മദിന വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയിലെ ചില ഉപയോക്താക്കളുടെ ആപ്പുകളിൽ വയസ്സ് രേഖപ്പെടുത്താനുള്ള പോപ്പ്-അപ്പ് മെസേജുകൾ ലഭിച്ചുതുടങ്ങിയതായാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽ സമൂഹ മാധ്യമ ഉപയോഗത്തിന് പ്രായപരിധി അല്ലെങ്കിൽ വയസ്സ് പരിശോധനാ മാനദണ്ഡങ്ങൾ വരാൻ പോകുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്.
ടെക് ലോകത്തെ പുതു വിവരങ്ങൾ പുറത്തുവിടാറുള്ള അഭിഷേക് യാദവ് എക്സിൽ പങ്കുവച്ച സ്ക്രീൻഷോട്ടാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. വാട്‌സാപ്പ് ആപ്പിനുള്ളിൽ ‘കേന്ദ്ര സർക്കാരിന്റെ വരാനിരിക്കുന്ന നിയമങ്ങൾ മൂലം’ ജനനത്തീയതി ചേർക്കാൻ ആവശ്യപ്പെടുന്ന പോപ്പ്-അപ്പ് വിൻഡോയാണ് സ്ക്രീൻഷോട്ടിൽ ഉള്ളത്.
വ്യാപകമായ പ്രചാരണം നടക്കുന്നുണ്ടെങ്കിലും കേന്ദ്ര ഐടി മന്ത്രാലയമോ വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയോ ഇതുവരെ ഇത്തരമൊരു നിയന്ത്രണത്തെക്കുറിച്ചോ പുതിയ നിയമത്തെക്കുറിച്ചോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, തൽക്കാലം ഈ പോപ്പ്-അപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ വന്നതാണോ അതോ വരാനിരിക്കുന്ന ഏതെങ്കിലും വലിയ നയമാറ്റത്തിന്റെ ഭാഗമാണോ എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവരുന്നത് വരെ കാത്തിരിക്കേണ്ടിവരും.
ഇന്ത്യയിലെ പോപ്പ്-അപ്പ് സന്ദേശങ്ങളുടെ യഥാർഥ കാരണം വ്യക്തമല്ലെങ്കിലും, ഉപയോക്താക്കളുടെ പ്രായം ചോദിക്കുന്നത് വാട്‌സാപ്പിനെ സംബന്ധിച്ച് തീർത്തും പുതിയൊരു കാര്യമല്ല. കമ്പനിയുടെ ഔദ്യോഗിക സപ്പോർട്ട് പേജിൽ ഇതേക്കുറിച്ച് ചില പ്രധാന കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
1. നിയമപരമായ ബാധ്യതകൾ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് കമ്പനിക്ക് ഉപയോക്താക്കളുടെ പ്രായം അറിയേണ്ടതുണ്ട്.
2. മെറ്റ എഐയും പരസ്യങ്ങളും: 'മെറ്റ എഐ' ഫീച്ചറുകൾ നൽകുന്നതിനും, സ്റ്റാറ്റസ്/ചാനലുകൾ എന്നിവയിൽ വ്യക്തികൾക്ക് അനുയോജ്യമായ പരസ്യങ്ങൾ കാണിക്കുന്നതിനും പ്രായം ഒരു നിർണായക ഘടകമാണ്.
3. പ്രായത്തിനനുയോജ്യമായ സേവനങ്ങൾ: കൗമാരക്കാർക്കും മുതിർന്നവർക്കും തങ്ങളുടെ പ്രായത്തിന് അനുയോജ്യമായ സുരക്ഷിതമായ ആപ്പ് അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
4. ഉപയോക്തൃ സുരക്ഷ: ആപ്പിന്റെ സേവന വ്യവസ്ഥകൾ കാര്യക്ഷമമായി നടപ്പിലാക്കാനും, വ്യാജ അക്കൗണ്ടുകൾ തടയാനും പ്രായവിവരങ്ങൾ സഹായിക്കുന്നു.
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗവും സോഷ്യൽ മീഡിയ അഡിക്ഷനും ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളും ശക്തമായ പ്രായപരിധി നിയമങ്ങൾ നടപ്പിലാക്കിവരുന്നുണ്ട്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ടിക് ടോക്, എക്സ്, റെഡ്ഡിറ്റ്, യൂട്യൂബ് തുടങ്ങി പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയുന്ന കർശന നിയമം ഓസ്ട്രേലിയ പാസാക്കിക്കഴിഞ്ഞു. എന്നാൽ സാധാരണ മെസേജിങ് ആപ്പ് എന്ന നിലയിൽ വാട്‌സാപ്പിന് ഈ വിലക്കിൽ ഇളവ് നൽകിയിട്ടുണ്ട്.
إرسال تعليق
Thanks