മലപ്പുറം ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷം തോറും വൻ വർദ്ധനവ് രേഖപ്പെടുത്തുന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ.
ഈ വർഷം ഇതുവരെ മാത്രം ജില്ലയിൽ നിന്ന് 363 പേരെ കാണാതായിട്ടുണ്ട്. 2022 മുതൽ മുൻപോട്ടുള്ള വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ആധുനിക സമൂഹത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
2022-ൽ 534 പേരെ കാണാതായപ്പോൾ 2023-ൽ ഇത് 536 ആയി ഉയർന്നു. തുടർന്നുള്ള 2024, 2025 വർഷങ്ങളിൽ യഥാക്രമം 784, 733 എന്നിങ്ങനെയാണ് കാണാതായവരുടെ എണ്ണം. വീടുകളിൽ നിന്ന് സ്‌കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിക്കാണ് ഭൂരിഭാഗം പേരെയും കാണാതാകുന്നത്.
ഇതിൽ വലിയൊരു പങ്കും പെൺകുട്ടികളും സ്ത്രീകളുമാണ് എന്നത് ആശങ്കയുടെ വ്യാപ്തി കൂട്ടുന്നു. പോലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ പലരെയും കണ്ടെത്താനായെങ്കിലും ഇനിയും ഒരു വിവരവും ലഭിക്കാത്തവർ ഏറെയാണ്.
രക്ഷിതാക്കളുമായുള്ള നിസ്സാര തർക്കങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങുന്നവരും പ്രണയബന്ധങ്ങളെ തുടർന്ന് ഒളിച്ചോടുന്നവരുമാണ് കാണാതായവരിൽ ഭൂരിഭാഗവും. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന അപരിചിതർക്കൊപ്പം ദിവസങ്ങളുടെ മാത്രം ബന്ധം വെച്ച് ഇറങ്ങിപ്പോകുന്ന പ്രവണത വർദ്ധിച്ചു വരികയാണ്.
ഇതിനുപുറമേ കുട്ടികളെ അകാരണമായി ശിക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷവും ഇവരെ ഓടിയൊളിക്കാൻ പ്രേരിപ്പിക്കുന്നു.
സംസ്ഥാനത്തൊട്ടാകെ ഈ വർഷം ഇതുവരെ 5,253 പേരെയാണ് കാണാതായിട്ടുള്ളത്. കാണാതായി ദിവസങ്ങൾക്ക് ശേഷം സ്വന്തം നിലയിലുള്ള അന്വേഷണം പരാജയപ്പെടുമ്പോൾ മാത്രം പോലീസിനെ സമീപിക്കുന്ന സംഭവങ്ങൾ നിരവധിയായതിനാൽ, ഔദ്യോഗിക കണക്കുകളിലും എത്രയോ മുകളിലാണ് യഥാർത്ഥ സംഖ്യയെന്നാണ് സൂചന.
Post a Comment
Thanks