കോഴിക്കോട് | മൂന്നു മാസം മുൻപ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച ആൺകുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന അമ്മയുടെ അപേക്ഷയിൽ അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന നടത്തണമെന്ന് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ വിഭാഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം തുടങ്ങി. കഴിഞ്ഞമാസം ‘അമ്മയാണ് ഞാൻ; കുഞ്ഞിനെ തിരികെ വേണം’ എന്ന വാർത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടിയുടെ അമ്മയെന്ന് അപേക്ഷ നൽകിയ യുവതിയെ കണ്ടെത്തി പൊലീസ് മൊഴിയെടുത്ത സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന വേണമെന്ന് വെള്ളയിൽ പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൽ സിഡബ്ല്യുസി തുടർനടപടികൾ ആരംഭിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കോഴിക്കോട് ബീച്ച് ഗവ.ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ഉപേക്ഷിച്ചുപോയ അമ്മയാണ് കുഞ്ഞിനെ തിരിച്ചുകിട്ടുന്നതിന് ജില്ലാഭരണകൂടത്തിനും ശിശുക്ഷേമ സമിതിക്കും പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ മണിക്കൂർ വ്യത്യാസത്തിൽ അമ്മത്തൊട്ടിലിൽ രണ്ടു കുഞ്ഞുങ്ങൾ എത്തിയതായി പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. യുവതിയുടെ സാംപിൾ ശേഖരണവുമായി ബന്ധപ്പെട്ട നടപടി സിഡബ്ല്യുസി ആരംഭിച്ചു.
മാർച്ച് 4നാണ് നഗരത്തിലെ ആശുപത്രിയിൽ കോഴിക്കോട് സ്വദേശി കുഞ്ഞിനു ജന്മം നൽകിയത്. 12ന് വൈകിട്ട് ആശുപത്രിയിൽ നിന്ന് ഇറങ്ങി. കുട്ടിയെ അമ്മത്തൊട്ടിലിൽ നൽകിയ യുവതി 48 ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ തിരിച്ചു ലഭിക്കണമെന്ന ആവശ്യവുമായി എത്തിയത്.

إرسال تعليق
Thanks