ന്യൂഡൽഹി | നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനൽ ആണെന്നും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നതിന്റെ പ്രതീകമായ അദ്ദേഹം ഉടൻ രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പോലീസ് ബലപ്രയോഗമാണ് നടന്നതെന്നും ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങാൻ കാരണം മന്ത്രിയുടെ നിലപാടുകളാണെന്നും രാഹുൽ പറഞ്ഞു.
പ്രതിഷേധത്തിനിടെ പരിക്കേറ്റ 19 വയസ്സുകാരനായ സാഹിൽ എന്ന വിദ്യാർഥിയെ അരികിൽനിർത്തിയാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന സാഹിലിന്റെ കണ്ണിനാണ് പെല്ലറ്റ് തറച്ച് ഗുരുതരമായി പരിക്കേറ്റത്. സാഹിലിന്റെ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടുമോ എന്ന കാര്യത്തിൽ ഡോക്ടർമാർക്കുപോലും ഉറപ്പില്ലെന്ന് രാഹുൽ ആശങ്ക പ്രകടിപ്പിച്ചു. വിദ്യാർഥികൾക്ക് പെല്ലറ്റ് ഗൺ പ്രയോഗത്തിലാണ് പരിക്കേറ്റതെന്ന് സഫ്ദർജംഗ് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഡൽഹി പോലീസ് ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
വിദ്യാർഥികൾ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളും കേന്ദ്രം അംഗീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തങ്ങളുടെയും വിദ്യാർഥികളുടെയും നിലപാടിൽ മാറ്റമില്ലെന്നും മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേസമയം, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ളവരുമായി വിദ്യാർഥികൾ നടത്തിയ ചർച്ചയിൽ, പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാമെന്നും മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്നും ധാരണയായതായി സിജെപി നേതാക്കൾ അറിയിച്ചു. എന്നാൽ, പ്രധാന ആവശ്യമായ ധർമേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ നാളെ ഉച്ചയോടെ മാത്രമേ മറുപടി നൽകൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
إرسال تعليق
Thanks