തിരൂരങ്ങാടി മണ്ഡലത്തിലെ എൽ ബി എസിന് സ്ഥലം ഏറ്റെടുക്കാൻ തുക അനുവദിക്കണമെന്ന് പി.എം.എ. സമീർ എം എൽ എ നിയമസഭയിൽ


തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ എൽ.ബി .എസിന് സ്ഥലം ഏറ്റെടുക്കാൻ തുക അനുവദിക്കണമെന്ന് പി എം എ സമീർ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. ബജറ്റിനുള്ള മറുപടിയായി  നടത്തിയ പ്രസംഗത്തിലാണ് സ്ഥലം എം എൽ എ ഈ ആവശ്യം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ ഇതിന്നായി സ്ഥലം ഏറ്റെടുക്കുന്നതിന് 137 കോടിരൂപ അനുവദിച്ചതാണ്. ഇതിൽ ഒരു കോടി രൂപ ലഭിച്ച് പ്രവൃത്തികൾ നടന്നിട്ടുണ്ട്.  എന്നാൽ പിന്നീട് വന്ന സർക്കാറുകൾ ഒരുതുകയും നൽകിയിട്ടില്ല. എഞ്ചിനീയറിംഗ്, പോളിടെക്നിക്, ആർട്സ് ആൻ്റ് സയൻസ്, ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾ ഉൾക്കൊളളുന്നതാണിത്. ഇത് യാഥാർഥ്യമാക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാണ് എം എൽ എ നിയമസഭയിൽ ഉന്നയിച്ചത്.

            തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ഉന്നത വിദ്യാദ്യാസ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ എസ് എസ് എഫ് മുഖ്യമന്ത്രിക്കും സ്ഥലം എം എൽ എ ക്കും ഏതാനും ദിവസം മുമ്പ് നിവേദനം നൽകിയിരുന്നു.  നിയോജകമണ്ഡലത്തിൻ്റെ രൂപവത്കരണം മുതൽ ഇന്ന് വരെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു സർക്കാർ കോളേജ് ഇല്ലാത്തത് വിദ്യാർഥി സമൂഹത്തിന് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ എടുത്തുപറഞ്ഞതുപോലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തിൻ്റെ ഉന്നമനത്തിനായി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ഈ വസ്തുത മുൻനിർത്തി അനുവദിച്ച എൽ ബി എസ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി  പദ്ധതി ഇനിയും പൂർണ തോതിൽ പ്രവർത്തനക്ഷമമായിട്ടില്ല എന്നത് ഖേദകരമാണ്. പ്രസ്‌തുത സ്ഥാപനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുകയും, എൽ ബി എസ്  മാനദണ്ഡങ്ങൾ പ്രകാരമുള്ള മുഴുവൻ കോഴ്സുകളും അവിടെ ആരംഭിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

            അതുപോലെ മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളുടെ പരിമിതി കാരണം, ഉന്നത മാർക്കോടെ വിജയിക്കുന്ന വിദ്യാർഥികൾക്ക് പോലും തുടർപഠനത്തിന് അവസരം ലഭിക്കാത്ത ദയനീയാവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ, മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള  ഒരു പുതിയ സർക്കാർ കോളേജും പ്രൊഫഷണൽ കോളേജും സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.

ഇതിനായി ആവശ്യമായ പ്രവർത്തികൾ വേഗത്തിലാക്കി, വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരമുള്ള ഒരു ക്യാമ്പസ് തിരൂരങ്ങാടിക്ക് ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എം എൽഎക്ക് എസ് എസ് എഫ് നിവേദനം നൽകിയത്. ഈ വിഷയത്തിൽ തന്നാൽ കഴിയുന്നത് എന്തും ചെയ്യുമെന്ന് പ്രസംഗത്തിൽ അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post