സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷൻ കാർഡ് പൂർണമായും ഡിജിറ്റലാക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ 'എം.വി.ഡി. ലീഡ്‌സ്' മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും വഴി ഈ ഡിജിറ്റൽ സംവിധാനം നടപ്പാക്കാൻ നടപടി തുടങ്ങി. സർക്കാർ, എയ്ഡഡ്, സ്വയംഭരണ, സ്വകാര്യ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നിലവിൽ പേപ്പർ കൺസെഷൻ കാർഡാണ് വിദ്യാർഥികൾക്ക് നൽകുന്നത്. ഡിജിറ്റൽ കാർഡിനായി ആദ്യം അതത് വിദ്യാഭ്യാസ സ്ഥാപനം മോട്ടോർ വാഹന വകുപ്പിന്റെ 'എം.വി.ഡി. ലീഡ്‌സ്' എന്ന വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണം. ഇതിനായി ഓരോ സ്‌കൂളിനും യൂസർ നെയിമും പാസ്വേഡും നൽകും. തുടർന്ന് ആ സ്ഥാപനത്തിലെ വിദ്യാർഥി 'എം.വി.ഡി. ലീഡ്‌സ്' ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം.
മൊബൈൽ നമ്പറും പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും മറ്റ് വിവരങ്ങളും അപ്ലോഡ് ചെയ്ത് കാർഡിന് അപേക്ഷിക്കണം. വിദ്യാർഥിയുടെ അപേക്ഷ ആദ്യം സ്ഥാപനമേധാവിക്കാണ് ലഭിക്കുക. സ്ഥാപനമേധാവി അംഗീകരിച്ചശേഷം ആർ.ടി.ഒ.യ്ക്ക് ഫോർവേഡ് ചെയ്യും. ആർ.ടി.ഒ. തലത്തിൽകൂടി പരിശോധിച്ച് അർഹതപ്പെട്ടതാണെന്ന് ബോധ്യമായാൽ കൺസെഷൻ കാർഡ് അനുവദിക്കും.
വിദ്യാർഥികൾ കാർഡ് ഡൗൺലോഡ് ചെയ്ത് ഫോണിൽ സേവ് ചെയ്യണം. യാത്രാവേളയിൽ ഇത് ബസ് കണ്ടക്ടറെ കാണിക്കാം. പ്രിന്റൗട്ട് എടുത്തും യാത്രാവേളയിൽ ഉപയോഗിക്കാം. കാർഡിലെ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്താൽ വിദ്യാർഥിയുടെ പാസ് യഥാർഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോയെന്ന് അറിയാൻ കഴിയും. വിദ്യാർഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനം, വിലാസം, കോഴ്‌സ്, കാർഡിന്റെ കാലാവധി, ആർ.ടി.ഒ. ഓഫീസ് പരിധി തുടങ്ങിയ വിവരങ്ങൾ കാർഡിലുണ്ടാകും.
പുതിയ കാർഡ് പ്രാബല്യത്തിൽ വരുന്നതുവരെ നിലവിലെ രീതിയിൽ പേപ്പർ കൺസെഷൻ കാർഡ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് യാത്രചെയ്യാം. വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി. നേരത്തേ സ്മാർട്ട് കൺസെഷൻ കാർഡ് വിതരണം ചെയ്തിരുന്നു. കോൺടാക്ട്ലസ് സ്മാർട്ട് കാർഡ് സംവിധാനമാണിത്. ഇതിലൂടെ ബസ് ടിക്കറ്റിങ് മെഷീനുകളിൽ (ഇ.ടി.ഐ.എം.) ടാപ്പ് ചെയ്ത് വിദ്യാർഥികൾക്ക് യാത്രചെയ്യാം. ഒരുമാസം 25 ദിവസത്തെ യാത്രയാണ് കാർഡിൽ അനുവദിച്ചിട്ടുള്ളത്.
Post a Comment
Thanks