കാക്കഞ്ചേരിയിൽ വൻ ലഹരി വേട്ട: 54 ലക്ഷത്തിന്റെ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

 


കാക്കഞ്ചേരി: മസ്കത്തിൽ നിന്നും പാഴ്സലായി അയച്ച 54 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടുപേരെ കോഴിക്കോട് നിന്നുള്ള ഡിആർഐ  സംഘം കാക്കഞ്ചേരിയിൽ വെച്ച് പിടികൂടി. പാഴ്സൽ ഡെലിവറി കേന്ദ്രത്തിൽ വെച്ചാണ് അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 681 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.


സംഭവവുമായി ബന്ധപ്പെട്ട് പാഴ്സൽ ഏറ്റുവാങ്ങാനെത്തിയ വേങ്ങര ഊരകം പുഴുത്തറ സ്വദേശി ജസീം, ചെമ്മാട് പാറക്കടവ് ചോനാരി അലി അക്ബർ എന്നിവരെ ഡിആർഐ സംഘം അറസ്റ്റ് ചെയ്തു. മസ്കത്തിൽ നിന്നും ഡൽഹി വഴിയാണ് ഈ പാഴ്സൽ കാക്കഞ്ചേരിയിലെ ഡെലിവറി കേന്ദ്രത്തിൽ എത്തിച്ചേർന്നത്. 


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ സംഘം ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. ഒരു കടയുടെ വിലാസത്തിൽ 'നാപ്കിൻ പാക്കറ്റ്' എന്ന വ്യാജേനയാണ് മയക്കുമരുന്ന് അടങ്ങിയ പാഴ്സൽ അയച്ചിരുന്നത് പിടിയിലായ പ്രതികളിൽ അലി അക്ബർ മുൻപും കരിപ്പൂർ വഴി എംഡിഎംഎ കടത്തിയ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.


അറസ്റ്റിലായ ഇരുവരേയും മലപ്പുറം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ കണ്ടെത്താനായി ഡിആർഐ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post