തിരുരങ്ങാടി: കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരൂരങ്ങാടിയിലെ ഇളനീർ പാർലർ അടപ്പിച്ചു. രണ്ടു ഘട്ടങ്ങളിലായി ജില്ലയിലെ 600 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്. ഇതിൽ തിരൂരങ്ങാടിയിലെ ഇളനീർ പാർലറിലെ വെള്ളത്തിൽ മാത്രമാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സി.എസ്.രാജേഷ് അറിയിച്ചു.. ജൂണ് 15 മുതൽ ഒരു മാസം മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കാറുണ്ട്. ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഇതു കൂടുതൽ ഊർജിതമാക്കാനാണു തീരുമാനം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച ജലസാംപിളുകൾ കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലാബിലേക്കാണു പരിശോധനയ്ക്ക് അയച്ചത്. ഇവിടെനിന്നുള്ള ഫലം വന്നപ്പോഴാണ് ഇളനീർ പാർലറിൽ ഉപയോഗിച്ച ജലത്തിൽ ഷിഗെല്ല സാന്നിധ്യം കണ്ടത്. എന്നാൽ, ഇളനീർ ജൂസും മറ്റും തയാറാക്കുന്നതിന് ഈ വെള്ളം ഉപയോഗിച്ചിരുന്നില്ലെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. സമീപത്തെ കിണറ്റിൽനിന്നുള്ള ജലം ഉപയോഗിച്ചത് പാത്രങ്ങളും ഗ്ലാസുകളും കഴുകാനാണ്. ഈ കിണറിൽനിന്നുള്ള ജലം ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നു പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകി. നിലവിൽ ഈ മേഖലയിൽനിന്ന് ആർക്കും രോഗ ലക്ഷണം കണ്ടെത്തിയിട്ടില്ല.
Post a Comment
Thanks