ലോഡ്ജിൽ ലഹരി കേന്ദ്രം; മാരകായുധങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ


തേഞ്ഞിപ്പലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാല പരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയിരുന്ന രണ്ടുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.

കൊണ്ടോട്ടി സ്വദേശികളായ തുറക്കൽ ചമ്മലപ്പറമ്പ് കാവുപറമ്പത്ത് ജസീം (24), കിഴക്കേത്തല മേലങ്ങാടി മാളിയേക്കൽ സാജിദ് (30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 0.18 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം മോസ്കോപാറയിലെ 'സ്മാപ്' എന്ന ലോഡ്ജിൽ നിന്നാണ് തേഞ്ഞിപ്പലം എസ്.ഐ എം.എസ്. സത്യജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടിയത്.

മുറി പരിശോധിച്ചപ്പോൾ സ്റ്റീൽ നെഞ്ചക്ക്, പിസ്റ്റൾ രൂപത്തിലുള്ള എയർഗൺ, ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ബർണർ, ഇലക്ട്രോണിക് തുലാസ്, മെറ്റൽ നക്ക്ൾ പഞ്ച്, 8,000 രൂപ എന്നിവയും പോലീസ് കണ്ടെടുത്തു.

മയക്കുമരുന്ന് കച്ചവടത്തിനും ഉപയോഗത്തിനുമായി മുറിയെടുത്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഡാൻസാഫ് ടീമും തേഞ്ഞിപ്പലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്..

Post a Comment

Thanks

Previous Post Next Post