റോഡിൽ ഇഴഞ്ഞ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാരെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്


കൊണ്ടോട്ടി | മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ പിഞ്ചുകുഞ്ഞിന് രക്ഷകരായ സ്വകാര്യ ബസ് ജീവനക്കാരെ നേരിട്ടെത്തി ആദരിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. സഫാ മാർവാ ബസിലെ ഡ്രൈവറായ രാമചന്ദ്രൻ, കണ്ടക്ടർ നവാസ് എന്നിവരെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊന്നാടയണിയിച്ചും ഫലകം നൽകിയും ആദരിച്ചത്. കഴിഞ്ഞ ദിവസം ബസ് ജീവനക്കാരെ അഭിനന്ദിച്ചുള്ള കുറപ്പ് എംവിഡി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.


'നടുറോഡിൽ മുട്ടിൽ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ടാണ് ആ ബസ് നിർത്തിയത്. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിൽ ആണ് സംഭവം നടന്നത്‌. ബസ് നിർത്തി കുഞ്ഞിനെ രക്ഷിച്ചത് പുതിയിടത്ത് പറമ്പ്-ഫറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന സഫാ മർവാ ബസ്സിലെ ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ച ഡ്രൈവർ രാമചന്ദ്രൻ, കണ്ടക്ടർ നവാസ് എന്നിവർ.


ബസ്സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് തികച്ചും ഭീതിജനകമായ ആ രംഗം പുറംലോകം അറിയുന്നതെന്നും എംവിഡി അറിയിച്ചു. 'അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക' എന്നത് തന്നെയാണ് ഡ്രൈവിങ്ങിൽ ഉടനീളം നാം പാലിക്കേണ്ട മനോഭാവമെന്നും സമയോചിതമായി ബസ് നിർത്തുകയും മറ്റ് അപകടങ്ങൾ കൂടാതെ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച രാമചന്ദ്രനും നവാസിനും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നുമായിരുന്നു കുറിപ്പ്.


മലപ്പുറം കൊണ്ടോട്ടിയിലാണ് നെഞ്ചിടിപ്പുണ്ടാക്കുന്ന ഈ സംഭവമുണ്ടായത്. കുഞ്ഞ് നടുറോഡിലിരിക്കുന്നതിന്റെയും ഇതുകണ്ട് ബസ് നിർത്തി ജീവനക്കാരൻ കുഞ്ഞിനെ എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ഈ സംഭവമുണ്ടായത്.


നടുറോഡിലിരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ ഡ്രൈവർ ബസ് നിർത്തുകയും കണ്ടക്ടർ ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. റോഡിന് സമീപത്തുള്ള വീട്ടിൽനിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്. ഈസമയം, കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്. ബസിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Post a Comment

Thanks

Previous Post Next Post