കോഴിക്കോട് | 2024-ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.). കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് എസ്ഐടി കേസന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻകഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എം.എൽ.എ. അടുത്തിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കോഴിക്കോട് റൂറൽ എസ്പി കേസിന്റെ മേൽനോട്ടം വഹിക്കുമ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. വടകര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെ ഏഴുപേർ കൂടി പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ചതാണെങ്കിലും രണ്ടുവർഷത്തോളം നീണ്ട അന്വേഷണത്തിൽ സ്ക്രീൻഷോട്ട് സന്ദേശം ആര് സൃഷ്ടിച്ചുവെന്ന് കണ്ടെത്താനായിരുന്നില്ല. സി.പി.എമ്മാണ് സ്ക്രീൻഷോട്ടിന് പിന്നിലെന്നാണ് യു.ഡി.എഫ്. നേതാക്കളുടെ ആരോപണം. പ്രതികളിലേക്ക് എത്തുന്ന രീതിയിലായിരുന്നില്ല അന്വേഷണമെന്നാണ് യു.ഡി.എഫ്. നേതാക്കൾ പറയുന്നത്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരേ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം. തുടർന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയിൽ എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തെങ്കിലും അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.പക്ഷേ, കാസിമിന്റെ ഫോൺ ഇതുവരെ പോലീസ് തിരിച്ചുകൊടുത്തിട്ടില്ല. കേസ് നിലനിൽക്കുന്നതിനാൽ പാസ്പോർട്ട് പുതുക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.
ഇടത് സൈബർ പോരാളികളായ പോരാളി ഷാജി അഡ്മിൻ വഹാബ്, അമ്പാടിമുക്ക് സഖാക്കൾ പേജിന്റെ അഡ്മിൻ മനീഷ്, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ്ചെയ്ത ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് എന്നിവർ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇവരുടെപേരിൽ കേസെടുക്കണമെന്ന് മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
അന്വേഷണം അവസാനിപ്പിക്കുന്നതായി വടകര ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഏപ്രിലിലാണ് അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. എന്നാൽ, ഫൊറൻസിക് റിപ്പോർട്ട് കിട്ടുന്നമുറയ്ക്ക് വീണ്ടും കോടതിയിൽ അപേക്ഷനൽകി പുനരന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
Post a Comment
Thanks