വമ്പൻ ട്വിസ്റ്റ്! അഴുക്കുചാലിൽ കുടുങ്ങിയ സംഭവം; സത്യം പുറത്തുവന്ന് ഞെട്ടൽ


കോഴിക്കോട്: നഗരത്തിലെ അഴുക്കുചാലിൽ ഇതരസംസ്ഥാന തൊഴിലാളി കുടുങ്ങിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. അഴുക്കുചാലിൽ അബദ്ധത്തിൽ വീണതല്ലെന്നും, സുഹൃത്തുക്കളുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ഒളിച്ചിരിക്കാനായി ഓവുചാലിലേക്ക് ഇറങ്ങിയതാണെന്നും പശ്ചിമബംഗാൾ സ്വദേശി അജയ് ഉറവ് പോലീസിനോട് വ്യക്തമാക്കി.


കഴിഞ്ഞ ഒന്നാം തീയതിയാണ് സുഹൃത്തുക്കൾക്കൊപ്പം ജോലിക്കായി കണ്ണൂരിലേക്ക് അജയ് യാത്രതിരിച്ചത്. ഇന്നലെ ട്രെയിൻ കോഴിക്കോടെത്തിയതിന് പിന്നാലെ സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായതോടെ അജയ് ട്രെയിനിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ഓവുചാലിന് സമീപമുള്ള തുറന്ന ഭാഗത്തിലൂടെ ഏകദേശം 200 മീറ്റർ അകത്തേക്ക് പ്രവേശിച്ചെങ്കിലും പിന്നീട് പുറത്തുകടക്കാൻ കഴിയാതെ കുടുങ്ങി.


സ്ലാബുകൾക്കിടയിലെ ചെറിയ വിടവിലൂടെ കൈ പുറത്തേക്കിട്ട് സഹായം അഭ്യർഥിക്കുന്നത് വഴിയാത്രക്കാരായ രണ്ട് സ്ത്രീകളാണ് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് സമീപത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും സ്ഥലത്തെത്തി ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ചു.


ഫയർഫോഴ്സ് ആദ്യം സ്ലാബ് മാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കോൺക്രീറ്റ് ഘടന മാറ്റുന്നത് യുവാവിന് പരിക്കേൽക്കാൻ ഇടയാക്കുമെന്നതിനാൽ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് അരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തു. യുവാവിന് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.


ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പാലയം പുഷ്പ ജംഗ്ഷന് സമീപത്തെ അഴുക്കുചാലിൽ യുവാവ് കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിന് ശേഷം ഇയാളെ ചികിത്സയ്ക്കായി ബീച്ച് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

Post a Comment

Thanks

Previous Post Next Post