കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്ന 19കാരി ജീവനൊടുക്കി. മുന്‍പ് രണ്ടുതവണ പരീക്ഷയെഴുതിയ അനുങ്കീര്‍ത്തന എന്ന പെണ്‍കുട്ടിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21ന് നിശ്ചയിച്ചിരിക്കുന്ന പുനപ്പരീക്ഷ എഴുതാനിരിക്കുകയായിരുന്നു. വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നതില്‍ കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂരില്‍ പ്രതിഷേധം നടക്കുകയാണ്. തമിഴ്‌നാടിന്റെ നീറ്റ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും, സംസ്ഥാനത്തിന് മെഡിക്കല്‍ പ്രവേശനത്തിനായി പ്രത്യേക പരീക്ഷയ്ക്ക് അനുമതി നല്‍കണമെന്നുമുള്ള ആവശ്യം ഇതോടെ വീണ്ടും ശക്തമാകും.
നീറ്റ് പരീക്ഷയെ തുടക്കം മുതല്‍ എതിര്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. സ്വകാര്യ കോച്ചിങ് സെന്ററുകളില്‍ വന്‍തുക മുടക്കി പരിശീലനം നേടാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് പരീക്ഷ പാസാകാന്‍ പറ്റുന്നതെന്നും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. പന്ത്രണ്ടാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയിട്ടും, സാമ്പത്തികമായി പിന്നാക്കമുള്ള കുട്ടികള്‍ നീറ്റ് പരീക്ഷയില്‍ പിന്നിലാകുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷ വരുന്നതിനു മുന്‍പ്, പ്ലസ് ടുവിന് നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിലെ എംബിബിഎസ് പ്രവേശനം. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവര്‍ക്കും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും ഇതുവഴി മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നുവെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. നീറ്റ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ തമിഴ്‌നാട് നിയമസഭയില്‍ ബില്‍ പാസായെങ്കിലും, രാഷ്ട്രപതി ഒപ്പുവയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഇരുപതിലേറെ വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷാ സമ്മര്‍ദത്തില്‍ ജീവനൊടുക്കിയത്
إرسال تعليق
Thanks