കരിപ്പൂരിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോകാൻ വന്ന 13 അംഗ സ്വർണ്ണക്കവർച്ചാ സംഘം പിടിയിൽ


കരിപ്പൂർ:  വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ടെത്തിയ പതിമൂന്നംഗ ക്രിമിനൽ സംഘത്തെ കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് സാഹസികമായി പിടികൂടി.


 പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും പോലീസ് സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരിൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ളവരും കർണാടക സ്വദേശികളും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഇതേ സംഘത്തിൽപ്പെട്ട മൂന്ന് പ്രതികൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒളിവിൽ പോയ ഇവർക്കായുള്ള തിരച്ചിൽ ഇതിനകം തന്നെ ശക്തമാക്കിയിട്ടുണ്ട്.


പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നും കവർച്ചാ ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരനെ എയർപോർട്ട് മുതൽ എങ്ങനെയെല്ലാം പിന്തുടരണമെന്നും ഏത് വിജനമായ സ്ഥലത്തുവെച്ച് തട്ടിക്കൊണ്ടുപോകണമെന്നും കൃത്യമായി വ്യക്തമാക്കുന്ന മാപ്പുകളും വിവരങ്ങളുമടങ്ങിയ വാട്സ്‌ആപ്പ് ചാറ്റുകൾ പൊലീസിന് ഫോണുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രിമിനൽ സംഘം വിമാനത്താവളത്തിൽ ഒത്തുകൂടിയതെന്നാണ് സൂചന.


ഇതിനിടെ, കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മറ്റൊരു പ്രവാസിയെ കാണാനില്ലെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുള്ളത് കേസിൽ പുതിയ ദുരൂഹതകൾക്ക് വഴിതുറക്കുകയാണ്. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മുഹമ്മദ് സൽമാൻ സാലിഹിനെയാണ് വിമാനത്താവളത്തിൽ എത്തിയതിന് ശേഷം കാണാതായത്. ഇയാളെ വിമാനത്താവളത്തിൽ വെച്ച് ഇപ്പോഴത്തെ കവർച്ചാ സംഘമോ അതോ മറ്റേതെങ്കിലും സംഘങ്ങളോ തട്ടിക്കൊണ്ടുപോയതാണോ, അതല്ലെങ്കിൽ നിലവിൽ പിടിയിലായ സംഭവവുമായി ഇയാൾക്ക് എന്തെങ്കിലും തരത്തിലുള്ള നേരിട്ടുള്ള ബന്ധമുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിവരികയാണ്. വിശദമായ ചോദ്യം ചെയ്യലിനും ശാസ്ത്രീയ അന്വേഷണത്തിനും ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കൂ എന്ന് കരിപ്പൂർ പൊലീസ് അറിയിച്ചു

Post a Comment

Thanks

Previous Post Next Post