തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കണ്ണിന്റെ മര്‍ദ പരിശോധനയ്ക്ക് അത്യാധുനിക യന്ത്രമെത്തി


തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ കണ്ണിന്റെ മര്‍ദം പരിശോധിക്കുന്നതിനായുള്ള അത്യാധുനിക ഉപകരണം സ്ഥാപിച്ചു. രോഗിയുടെ കണ്ണില്‍ സ്പര്‍ശിക്കാതെയാണ് ഈ ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തുന്നത്. നിലവില്‍ ഉപയോഗിച്ചുവരുന്ന പഴയ രീതിയിലുള്ള പരിശോധനയില്‍ കണ്ണില്‍ സ്പര്‍ശിച്ചാണ് മര്‍ദം പരിശോധിച്ചിരുന്നത്. പുതിയ സംവിധാനത്തിലൂടെ രോഗിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ കൃത്യമായി പരിശോധന നടത്താന്‍ സാധിക്കും.


കണ്ണിന്റെ മര്‍ദം കൃത്യമായി അളക്കാന്‍ കഴിയുന്നതിനാല്‍ ഗ്ലോക്കോമ എന്ന നേത്രരോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ ഇത് സഹായിക്കും. തുടക്കത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കാതെ ക്രമേണ കാഴ്ച നഷ്ടപ്പെടുത്തുന്ന രോഗമായതിനാല്‍ ഗ്ലോക്കോമയെ “കാഴ്ചയുടെ നിശബ്ദ കൊലയാളി” എന്നും വിളിക്കാറുണ്ട്. സമയബന്ധിതമായ പരിശോധനയും ചികിത്സയും ലഭിച്ചാല്‍ കാഴ്ച സംരക്ഷിക്കാന്‍ സാധിക്കും.


സംസ്ഥാനത്ത് ആദ്യഘട്ടമായി തെരഞ്ഞെടുത്ത ഒമ്പത് ആശുപത്രികളിലൊന്നായാണ് ഈ ഉപകരണം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്നത്. 2026-27 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ഉപകരണം വാങ്ങിയത്. ഇതിനായി 9,76,460 രൂപ ചെലവഴിച്ചു.


സാധാരണക്കാരായ രോഗികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ അത്യാധുനിക നേത്ര പരിശോധനാ സേവനം ലഭ്യമാകുന്നതിലൂടെ ആരോഗ്യരംഗത്ത് വലിയ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കണ്ണിന്റെ കാഴ്ച സംരക്ഷിക്കുന്നതിനായി എല്ലാവരും ഈ പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.


ഉപകരണത്തിന്റെ സമര്‍പ്പണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.പി ഹബീബ നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം അബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഷാഹിന തിരുനിലത്ത്, റിഫ ഫത്താഹ്, അയ്യൂബ് തലാപ്പില്‍, ആശുപത്രി സുപ്രണ്ട് ഡോ. വി വിനോദ്, ആര്‍.എം.ഒ ഡോ. ഹഫീസ് റഹ്മാന്‍, ഡോ. സൗദ, സമീര്‍, നെഴ്‌സിംഗ് സുപ്രണ്ട് ബിന്ദു, സാദിഖ് ഒള്ളക്കന്‍, ശിംന, ശ്രീകല എന്നിവര്‍ സംബന്ധിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post