പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍'; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍ | സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം

 


സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം


മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്‌ഡിന്‍റെ ലക്ഷ്യമെന്ന് വിമര്‍ശിച്ച എം വി ഗോവിന്ദന്‍, പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നു. എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേരളത്തിലെ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ബിജെപിയുടെയും കോൺഗ്രസിൻ്റെയും ഒരേ ആവശ്യമാണ്. അരവിന്ദ് കെജ്രിവാളിനെ സമാനമായാണ് ജയിലടച്ചത്. ഭാവന ചമച്ചാൽ കുറ്റപത്രമാകില്ലെന്ന് കോടതി പറഞ്ഞ് വെറുതെവിട്ടു. ഇത് പോലൊരു ഭാവന ചമക്കലാണ് എക്സാലോജിക് കേസുമെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്. ഡയറിയിൽ പേരുള്ള രണ്ടുപേർ ഇന്ന് മന്ത്രിമാരാണ്. പക്ഷെ കേസില്ല. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇഡി നടപടിക്കെതിരെ ജനങ്ങളെ നിരത്തി പ്രതിഷേധിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. തെറ്റായ പ്രവണയെ ശക്തിയായി പ്രതിരോധിക്കും. ബ്രാഞ്ചുകളിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം ഇന്ന് രാവിലെ ആറുമണിക്ക് തുടങ്ങിയ റൈഡ് ആറുമണിക്കൂർ പിന്നിട്ടിട്ടും തുടരുകയാണ് സിപിഎം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.


കണ്ണൂരിലെ പിണറായിയുടെ വീടിനുമുന്നിലും  തിരുവനന്തപുരത്തെ വാടകവീട്ടിലെ മുമ്പിലും പാർട്ടി പ്രവർത്തകരും നേതാക്കന്മാരും കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്, 


കണ്ണൂരിൽ കണ്ണൂർ പിണറായി പാണ്ഡ്യാലമുക്കിലുള്ള പിണറായി വിജയന്റെ വീടിന് മുൻപിലേക്ക് പാർട്ടിയുടെ മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ  ഒഴുകിയെത്തുകയായിരുന്നു.  വീടിന്റെ പ്രധാന കവാടത്തിന് മുൻപിൽ തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ ഗേറ്റ് ഉപരോധിച്ചുകൊണ്ട് വലിയ രീതിയിൽ കുത്തിയിരിപ്പ് ധർണ്ണ ആരംഭിച്ചു. പിന്നീട് റോഡിലേക്ക് ഇറങ്ങി കുത്തിയിരുന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിയ പ്രവർത്തകർ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുദ്രാവാക്യം വിളിച്ചു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെകെ ശൈലജ ടീച്ചർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം വി.കെ. സനോജ് എംഎൽഎ, വി. ശിവദാസൻ എംപി, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, മുൻ എംഎൽഎ ടിവി രാജേഷ്, പി പുരുഷോത്തമൻ തുടങ്ങിയ പ്രമുഖ നേതാക്കളും സമരമുഖത്തുണ്ട്.

 തിരുവനന്തപുരത്ത് പിണറായി വിജയന്‍ നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് പരിശോധന. ഇവിടെയാണ് മകള്‍ വീണ വിജയനും താമസിക്കുന്നത്.  സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദന്‍ ഉൾപ്പെടെയുള്ള നേതാക്കന്മാർ ഇവിടെ സമരത്തിന് നേതൃത്വം നൽകുന്നുണ്ട്.


Post a Comment

Thanks

Previous Post Next Post